കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദനെ നിയമിച്ചു. നേരത്തെ എംഡി ആന്‍ഡ് സിഇഒയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയും കോര്‍പ്പറേറ്റ് കോഓഡിനേഷന്‍ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ ഒന്നു വരെ ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ വിഭാഗത്തിന്റെ സിഇഒ പദവിയും വഹിച്ചു. കമ്പനിയുടെ ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
'ജനുവരി ഒന്നു മുതല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദന്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ ചേര്‍ന്നുവെന്ന കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ അവരുടെ പ്രചോദനാത്മകമായ നേതൃത്വവും സംഭാവനയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
'മണപ്പുറം ഫിനാന്‍സില്‍ ഈ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മാനേജ്‌മെന്റിനും ഉജ്വലമായ സ്വീകരണമൊരുക്കിയ മുഴുവന്‍ ജീവനക്കാര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നാം ഒരുമിച്ച് മണപ്പുറത്തെ ഏറ്റവും മികച്ച തൊഴിലിടമാക്കുക മാത്രമല്ല, മികവിനായി നിരന്തരം പരിശ്രമിക്കുന്ന ഒരു കമ്പനിയാക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്'- ഡോ.സുമിത പറഞ്ഞു.
ഡോ. സുമിത ചെന്നൈയിലെ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എംഎസ്) നേടിയ മെഡിക്കല്‍ പ്രൊഫഷനലാണ്.