കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 393.49 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 261.01 കോടി രൂപയില്‍ നിന്ന് 50.76 ശതമാനമാണ് ലാഭം വര്‍ധിച്ചത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 4.85 ശതമാനം വര്‍ധിച്ച് 31,883.37 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 30407.13 കോടി രൂപയായിരുന്നു.
സബ്സിഡിയറികള്‍ ഒഴികെയുള്ള കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവിലെ 259.06 കോടി രൂപയില്‍ നിന്ന് 22.88 ശതമാനം വര്‍ധിച്ച് 318.32 കോടി രൂപയിലെത്തി. മൂന്നാം പാദത്തിലെ മൊത്ത പ്രവര്‍ത്തന വരുമാനം 1714.12 കോടി രൂപയാണ്. മുന്‍ വര്‍ഷം ഈ കലായളവില്‍ 1,484.45 കോടി രൂപയായിരുന്നു.
രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ഡിവിഡന്റ് വിതരണം ചെയ്യാനും വലപ്പാട് കമ്പനി ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു. ലാഭത്തില്‍ 51 ശതമാനം വാര്‍ഷിക വര്‍ധന നേടിയതില്‍ സംതൃപ്തിയുണ്ടെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ലാഭത്തിലും ആസ്തി വളര്‍ച്ചയിലും മികച്ച മുന്നേറ്റം കാഴ്ചവച്ച കമ്പനിയുടെ സബ്‌സിഡിയറിയായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ പ്രകടനത്തിലും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 18,614.13 കോടി രൂപയാണ്. സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം 23.7 ലക്ഷമാണ്. ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 22.05 ശതമാനം വര്‍ധിച്ച് 8653.45 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7090.15 കോടിയായിരുന്നു.
മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം മുന്‍ വര്‍ഷത്തെ 816.65 കോടി രൂപയില്‍ നിന്ന് 23.04 ശതമാനം വര്‍ധിച്ച് ഇത്തവണ 1004.80 കോടിയിലെത്തി. വാഹന, ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 1509.67 കോടി രൂപയില്‍ നിന്ന് 2112.12 കോടി രൂപയായും വര്‍ധിച്ചു. 39.91 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.
കമ്പനിയുടെ സംയോജിത ആസ്തി മൂല്യത്തിന്റെ 42 ശതമാനം സ്വര്‍ണവായ്പാ ഇതര ബിസിനസില്‍ നിന്നാണ്. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.14 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി 1.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.42 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത അറ്റ മൂല്യം 13.71 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 9279 കോടി രൂപയിലെത്തി. ഓഹരിയുടെ ബുക്ക് വാല്യു 109.63 രൂപയും മൂലധന പര്യാപ്തതാ അനുപാതം 32.86 ശതമാനവുമാണ്. 2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 27,018.66 കോടി രൂപയാണ്. ആകെ 54.5 ലക്ഷം സജീവ ഉപഭോക്താക്കളുമുണ്ട്.