പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തെ സീറോ എമിഷൻ അഥവാ കാർബൺ മലിനീകരണമില്ലാത്ത കേന്ദ്രമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
സംസ്ഥാനത്തെ ഹരിത ഹൈഡ്രജൻ ഉത്പാദന രംഗത്ത് വലിയ തോതിലുള്ള നിക്ഷേപത്തിനും വ്യാവസായിക, വാണിജ്യ മേഖലകളിൽ ഇവയുടെ ഉപയോഗം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന നയത്തിന്റെ കരടു രൂപം നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.
അതെസമയം കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് തുടക്കമിടാൻ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര, സാങ്കേതിക മന്ത്രാലയവും വിവിധ പൊതു മേഖലാ സ്ഥാപനങ്ങളും അനെർട്ടും സംയുക്തമായി ചേർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും.
കേന്ദ്ര സർക്കാരിന്റെ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ളസ്റ്റർ മാനദണ്ഡങ്ങൾ പ്രകാരം പദ്ധതികൾ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി അനെർട്ടിനെ നിയമിച്ചേക്കും. സ്വകാര്യ മേഖലയിൽ നിന്നും ഈ രംഗത്ത് വലിയ കോർപ്പറേറ്റ് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
ആദ്യഘട്ടത്തിൽ വ്യാവസായിക ആവശ്യത്തിനുള്ള ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി കൊച്ചിയിൽ ഗ്രീൻ എനർജി ഹബ് സ്ഥാപിക്കാനുള്ള നിർദേശമുണ്ടെന്ന് അനെർട്ടിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായും വിവരമുണ്ട്. ബി. പി. സി. എൽ കൊച്ചി റിഫൈനറിയുമായി ചേർന്ന് കൊച്ചി രാജ്യാന്തര വിമാത്താവളത്തിൽ ഹരിത ഹൈഡ്രജൻ ഉത്പാദനം ആരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിനും സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്.
സൗരോർജം, ജല വൈദ്യുതി, കാറ്റാടി തുടങ്ങിയവയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.ഹരിത ഹൈഡ്രജൻ പുനരുത്പാദന ഇന്ധനങ്ങൾ ഉപയോഗിച്ച് വെളളം ഇലക്ട്രോളിസിസ് നടത്തിയാണ് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്.
വ്യാവസായിക, ഗതാഗത മേഖലകളിൽ ഈ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കും. കാർബൺ വികിരണം പരമാവധി കുറവാണെന്നതാണ് ഹരിത ഹൈഡ്രജന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഉയർന്ന ഉത്പാദന ചെലവാണ് ഹരിത ഹൈഡ്രജന്റെ ഏറ്റവും വലിയ വെല്ലുവിളി.