ന്യൂഡല്‍ഹി: ഫോബ്‌സിന്റെ രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ജോയ് ആലുക്കാസ് ഒന്നാം സ്ഥാനത്ത്. 25500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. ഫോബ്‌സ് മാസികയുടെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 69ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്.
ഇന്ത്യയിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അഞ്ച് മലയാളികളാണ് ഇടം നേടിയിട്ടുള്ളത്. ഇതില്‍ ജ്വല്ലറി രംഗത്ത് നിന്ന് ജോയ് ആലുക്കാസ് മാത്രമാണുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ആസ്തി 540 കോടി ഡോളറാണ്.
ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയാണ്. അദാനിയുടെ ആസ്തി 15000 കോടി ഡോളറാണ്. ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 8800 കോടി ഡോളര്‍ ആസ്തിയാണുള്ളത്. രാധാകൃഷ്ണന്‍ ദാമാനി, സൈറസ് പൂനാവാല, ശിവ് നാടാര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ കോടീശ്വരന്‍മാര്‍. ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 35ാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുള്ളത്.
405 കോടി ഡോളറുമായി മുത്തൂറ്റ് കുടുംബവും 360 കോടി ഡോളറിന്റെ സമ്പത്തുമായി ബൈജു രവീന്ദ്രനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 310 കോടി ഡോളറാണ് മലയാളികളില്‍ നാലാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി.