ന്യൂയോര്‍ക്ക്: ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്.
പണം ചെലവിട്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നാണ് ബെസോസിന്റെ ഉപദേശം. കയ്യില്‍ തന്നെ പണം സൂക്ഷിക്കാനും വരും മാസങ്ങളില്‍ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് മുന്നറിയിപ്പ് നല്‍കുന്നു.
മാന്ദ്യം തുടങ്ങുന്ന കാലമായതിനാല്‍ അമേരിക്കയിലെ കുടുംബങ്ങള്‍ കാറും ടിവിയും ഫ്രിഡ്ജും പോലുള്ള വസ്തുക്കള്‍ വാങ്ങുന്നത് ഒഴിവാക്കണം. വലിയ സ്‌ക്രീനുള്ള ടിവി വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കണം. വാഹനങ്ങളുടെയും മറ്റും കാര്യത്തിലും കാത്തിരിക്കണമെന്നും എടുത്തുചാട്ടങ്ങള്‍ ഒഴിവാക്കിയാല്‍ പെട്ടെന്നുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാമെന്നും ബെസോസ് പറയുന്നു.
സമ്പദ് വ്യവസ്ഥയുടെ പോക്ക് നല്ല രീതിയിലല്ലെന്നും മന്ദഗതിയിലാണ് ഇപ്പോള്‍ സാമ്പത്തിക രംഗമെന്നും പലമേഖലകളിലെയും പിരിച്ചുവിടല്‍ കാണുന്നത് അതിനാലാണെന്നും ബെസോസ് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.