മുംബൈ: ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ റിലയന്‍സ് റീട്ടെയ്ല്‍. ഓപ്പണ്‍ ഓഫറിലൂടെ ലോട്ടസ് ചോക്ലേറ്റിന്റെ 26 ശതമാനം അധിക ഓഹരി സ്വന്തമാക്കാനാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സും റിലയന്‍സ് റീട്ടെയ്ല്‍ വെന്‍ചേഴ്സും ലക്ഷ്യമിടുന്നത്.
ലോട്ടസ് ചോക്ലേറ്റിന്റെ 33.38 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് ഓഹരിയൊന്നിന് 115.50 രൂപ നിരക്കില്‍ കമ്പനികള്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി റിലയന്‍സിന് മൊത്തം മൊത്തം 38.56 കോടി രൂപ ചെലവ് വരാനാണ് സാധ്യത. ഓപ്പണ്‍ ഓഫര്‍ ഫെബ്രുവരി 21 ന് ആരംഭിച്ച് മാര്‍ച്ച് 6 ന് അവസാനിക്കും.
ചോക്ലേറ്റുകള്‍, കൊക്കോ ഉല്‍പ്പന്നങ്ങള്‍, കൊക്കോ ഡെറിവേറ്റീവുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരികള്‍ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും നിരക്കിലാണുള്ളത്. റിലയന്‍സിന്റെ ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതോടുകൂടി ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നു.
74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ നിലവിലെ പ്രൊമോട്ടര്‍, പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുക്കുമെന്ന് റിലയന്‍സ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. 26 ശതമാനം അധിക ഓഹരികള്‍ ഓപ്പണ്‍ ഓഫറില്‍ കൂടി സ്വന്തമാക്കുമ്പോള്‍ ലോട്ടസ് ചോക്ലേറ്റിലെ റിലയന്‍സ് വിഹിതം 77 ശതമാനമായി ഉയരും.