ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.3 ശതമാനം വളര്‍ച്ച കൈവരിച്ചു. ബുധനാഴ്ച നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021-22 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 8.4 ശതമാനമാണ് വര്‍ദ്ധിച്ചത്.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ 13.5 ശതമാനം വളര്‍ച്ചാനിരക്കിന്റെ പകുതിയോളം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വികസിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. റേറ്റിംഗ് ഏജന്‍സിയായ ഇക്ര ജിഡിപി 6.5 ശതമാനമായി വളരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ റിപ്പോര്‍ട്ടില്‍ 2022 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായാണ് കണക്കാക്കുന്നത്.
നവംബര്‍ ആദ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 6.1-6.3 ശതമാനമാകുമെന്ന് കണക്കാക്കിയിരുന്നു. അതേസമയം, 2022 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈന 3.9 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി.