വായ്പയില്‍ കുരുക്കിയ അദാനി ഓപ്പറേഷന്‍? എന്‍ഡിടിവിയില്‍ സമവാക്യങ്ങള്‍ മാറിമറിയുന്നു

അദാനി ഗ്രൂപ്പ് എന്‍ഡിടിപിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ കമ്പനിയുടെ സ്ഥാപകര്‍ തന്നെ പുറത്തേക്കുപോകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

author-image
Shyma Mohan
New Update
വായ്പയില്‍ കുരുക്കിയ അദാനി ഓപ്പറേഷന്‍? എന്‍ഡിടിവിയില്‍ സമവാക്യങ്ങള്‍ മാറിമറിയുന്നു

രാജ്യത്തെ പ്രമുഖ സ്ഥാപനമായ എന്‍ഡിടിവിയില്‍ സമവാക്യങ്ങള്‍ മാറിമറിയുന്നു. അദാനി ഗ്രൂപ്പ് എന്‍ഡിടിപിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ കമ്പനിയുടെ സ്ഥാപകര്‍ തന്നെ പുറത്തേക്കുപോകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

കമ്പനിയുടെ സ്ഥാപകരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായ ഡോ.പ്രണോയ് റോയിയും അദ്ദേഹത്തിന്റെ ഭാര്യ രാധിക റോയിയും അവരുടെ കമ്പനിയായ ആര്‍ആര്‍പിആറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജി വെച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചു. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവര്‍ പുതിയ ഡയറക്ടര്‍മാരായി ഉടന്‍ പ്രാബല്യത്തില്‍ വരും.

 

രാജ്യത്ത് മോദി സര്‍ക്കാരിനെ വിമര്‍ശനാത്മകമായി സമീപിക്കുന്ന എന്‍ഡിടിവി അദാനിയുടെ കയ്യിലായതോടെ ഒരു മാധ്യമ സ്ഥാപനത്തെ കൂടി തങ്ങളുടെ വരുതിയിലാക്കിയിരിക്കുകയാണ്. എങ്ങനെയാണ് ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയില്‍ എന്‍ഡിടിവിയില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചിരിക്കുന്നതെന്ന് നോക്കിയാല്‍ അതില്‍ സാമര്‍ത്ഥ്യത്തിന്റെയും നിയമത്തിലെ പഴുതുകളുടെയും ചതിയുടെ തന്നെയും കഥയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനത്തിന്റെ ഏറ്റെടുക്കലിന് പിന്നില്‍ പ്രധാനമായും 403 കോടി രൂപയുടെ ഒരു വായ്പയാണ്.

എന്‍ഡിടിവി എന്ന കമ്പനിയില്‍ 29 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് രാധിക റോയ് പ്രണോയ് റോയ് എന്ന ആര്‍ആര്‍പിആര്‍ സ്ഥാപനം. ഈ സ്ഥാപനം വിശ്വപ്രധാന്‍ കമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് അഥവാ വിപിസിഎല്ലില്‍ നിന്നും 2009ല്‍ 403.85 കോടി രൂപയുടെ വായ്പ എടുക്കുന്നു. അതേവര്‍ഷം തന്നെ വിപിസിഎല്‍ ഷിനാവോ എന്റര്‍പ്രൈസസില്‍നിന്ന് വായ്പ എടുക്കുന്നുണ്ട്. ഷിനാവോ എന്റര്‍പ്രൈസസ് ആവട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംങ്സ് ലിമിറ്റ്ഡില്‍നിന്നും വായ്പ എടുത്തു. വിപിസിഎല്ലില്‍നിന്നെടുത്ത വായ്പ ആര്‍അര്‍പിആര്‍ കമ്പനിയ്ക്ക് തിരിച്ചടക്കാന്‍ കഴിയുന്നില്ല. അവര്‍ ആ വായ്പ ഓഹരിയായി മാറ്റുന്നു. ഇതോടെ ആര്‍ആര്‍പിആര്‍ എന്ന റോയിമാരുടെ കമ്പനിയുടെ സമ്പൂര്‍ണ നിയന്ത്രണം വിപിസിഎല്ലിന് ലഭിക്കുന്നു. അതോടെ ആ കമ്പനിയ്ക്ക് എന്‍ഡിടിവിയില്‍ 29 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡ് വിപിസിഎല്ലിനെ 113.75 കോടി രൂപയ്ക്ക് വാങ്ങിയതായി അറിയിക്കുന്നു. വിപിസിഎല്‍ പ്രണോയ് റോയിയ്ക്ക് നല്‍കിയ വായ്പ ഓഹരിയാക്കി മാറ്റിയത് തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞുവെങ്കിലും അതൊന്നും ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഫലത്തില്‍ വിപിസിഎല്ലിനെ അദാനി ഏറ്റെടുത്തതോടെ അവര്‍ക്ക് എന്‍ഡിടിവിയില്‍ 29.18 ലേറെ ഓഹരി പങ്കാളിത്തമായി. എന്‍ഡിടിവിയില്‍ ആര്‍ആര്‍പിആറിന് പുറമെ പ്രണോയ് റോയിക്കും രാധികയ്ക്കും 32.36 ശതമാനം ഓഹരികളാണ് ഉള്ളത്.

29.18 ശതമാനത്തിന്റെ നിയന്ത്രണമായതോടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള നീക്കം അദാനി പരസ്യമായി പ്രഖ്യാപിച്ചു. ഇതിന് സാങ്കേതികമായി തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം പ്രണോയ് റോയ് ശ്രമിച്ചുവെങ്കിലും സെബി അതൊന്നും അംഗീകരിച്ചില്ല. ഇതിന് പുറമെ എന്‍ഡിടിവിയില്‍ 9.75 ഓഹരിയുള്ള എല്‍ടി എസ് ഇന്‍വെസ്റ്റ്മേന്റ് ഫണ്ടിനും 4.42 ശതമാനം പങ്കാളിത്തമുള്ള വികാസ് ഇന്ത്യ ഫണ്ടിനും അദാനി ഗ്രുൂപ്പുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ വന്നു. ഇങ്ങനെയാണ് എന്‍ഡിടിവിയെ അദാനി കയ്യടക്കിയത്.

 

Adani Group NDTV