രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ 28 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ജിഎസ്ടി കലക്ഷനില്‍ രേഖപ്പെടുത്തിയത്. ജിഎസ്ടി കലക്ഷന്‍ ഓഗസ്റ്റില്‍ 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായതായി ധനമന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ ആറാം മാസവും ജിഎസ്ടി ശേഖരം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. സാമ്പത്തിക രംഗത്തെ തിരിച്ചുവരവാണ് തുടര്‍ച്ചയായി ജിഎസ്ടി കലക്ഷന്‍ ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
2022 ഓഗസ്റ്റില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,43,612 കോടി രൂപയായിരുന്നു, അതില്‍ കേന്ദ്ര ജിഎസ്ടി 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,951 കോടി രൂപയും സംയോജിത ജിഎസ്ടി 77,782 കോടി രൂപയുമാണ്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 1,12,020 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.
കേന്ദ്ര ജിഎസ്ടിയിലേക്ക് 29,524 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിലേക്ക് 25,119 കോടി രൂപയും സംയോജിത ജിഎസ്ടിയില്‍ നിന്ന് സര്‍ക്കാര്‍ തീര്‍പ്പാക്കി. അതുപോലെ തീര്‍പ്പാക്കലിനുശേഷം ജൂലൈയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 54,234 കോടി രൂപയും 56,070 കോടി രൂപയുമാണ്.
2023 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ, മൊത്തം ജിഎസ്ടി ശേഖരണം 7.46 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ നേടിയതിനേക്കാള്‍ 33 ശതമാനം കൂടുതലാണ്. മുന്‍കാലങ്ങളില്‍ ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ച വിവിധ നടപടികളുടെ വ്യക്തമായ സ്വാധീനമാണിത്. സാമ്പത്തിക വീണ്ടെടുക്കല്‍ ജിഎസ്ടി വരുമാനത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതായും' ധനമന്ത്രാലയം അറിയിച്ചു