ന്യൂഡല്‍ഹി:ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിന് അപേക്ഷ നല്‍കി.ഈ മാസം അവസാനമാണ് കേന്ദ്രം ലേലം നടത്തുന്നത്.ജൂലായ് 8 ആണ് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട അവസാനതീയതി.മൂന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ക്കൊപ്പമാണ് അദാനി ഗ്രൂപ്പും അപേക്ഷിച്ചത്.മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് ജിയോ,ശതകോടീശ്വരന്‍ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്‍,വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് അപേക്ഷിച്ച മറ്റ് കമ്പനികള്‍.
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് ടെലികോം സേവനം നല്‍കുന്ന ബിസിനസിലേക്ക് കടക്കാനല്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.കമ്പനിക്ക് സാന്നിദ്ധ്യമുള്ള വിമാനത്താവളങ്ങള്‍,തുറമുഖങ്ങള്‍,ലോജിസ്റ്റിക്സ്,ഊര്‍ജോത്പാദനം,ഊര്‍ജവിതരണം,മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഗ്രാമീണമേഖലകളില്‍ നടപ്പാക്കാന്‍ അടുത്തിടെ പ്രഖ്യാപിച്ച വിദ്യാഭ്യാസം,ഹെല്‍ത്ത്കെയര്‍,വൈദഗ്ദ്ധ്യവികസനം എന്നിവ കൂടുതല്‍ മികവോടെ പ്രാവര്‍ത്തികമാക്കാനും 5ജി സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഈമാസം 26നോ 27 നോ ലേലം ആരംഭിക്കുക.20 വര്‍ഷക്കാലാവധിയുള്ള 72 ജിഗാഹെട്സ് സ്പെക്ട്രമാണ് ലേലത്തിനുള്ളത്. മൊത്തം വില്പനമൂല്യം ?4.5 ലക്ഷം കോടി. ഒരുലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ ഉടമസ്ഥാവകാശ വിവരങ്ങള്‍ ജൂലായ് 12ന് ടെലികോംവകുപ്പ് പുറത്തുവിടും.