തൃശ്ശൂര്‍: 2024-25 സാമ്പത്തികവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കെ.എസ്.എഫ്.ഇ. സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇ.യുടെ അറ്റമൂല്യം ഇക്കാലയളവില്‍ 1134 കോടി രൂപയായി ഉയര്‍ന്നു. അംഗീകൃത മൂലധനം 250 കോടിയായും ശാഖകളുടെ എണ്ണം 682 ആയും ഉയര്‍ത്തി. ഇതില്‍ 24 മൈക്രോ ശാഖകളും ഉള്‍പ്പെടുന്നു.
നടപ്പുസാമ്പത്തികവര്‍ഷം സംസ്ഥാന സര്‍ക്കാരിന് ഡിവിഡന്റ്, ഗ്യാരന്റി കമ്മിഷന്‍ ഇനങ്ങളിലായി 219.51 കോടി രൂപയാണ് കെ.എസ്.എഫ്.ഇ. നല്‍കിയത്. ഇക്കഴിഞ്ഞ 2023 സാമ്പത്തികവര്‍ഷത്തെ ഡിവിഡന്റ് തുകയായ 35 കോടി രൂപ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിന് കൈമാറി. കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്. ശരത്ചന്ദ്രന്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുണ്‍ബോസ്, വിനോദ്, സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.