ന്യൂഡല്‍ഹി: വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ റിലയന്‍സ് ഏറ്റെടുക്കും. വയാകോം18 ന്റെ കീഴിലുള്ള ജിയോസിനിമയുടെ നേതൃത്വത്തില്‍, ഡിസ്‌നി ഇന്ത്യയും അവരുടെ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും ആണ് ഏറ്റെടുക്കുക.
പുതിയ സംരംഭത്തില്‍ 51% ഓഹരികള്‍ റിലയന്‍സിന്റെ പക്കലായിരിക്കും. ബാക്കിയുള്ള ഓഹരികള്‍ ഡിസ്‌നി കൈവശം വയ്ക്കും. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്തയാഴ്ച ലയന കരാര്‍ ഒപ്പിടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1 മുതല്‍ 1.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഈ ഇടപാട്. ജിയോ സിനിമ, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളാണ് ഇരു കമ്പനികള്‍ക്കുമുള്ളത്.
ഇത് കൂടാതെ റിലയന്‍സിന് വയാകോം 18ന് കീഴില്‍ 38 ചാനലുകളുണ്ട്. റിലയന്‍സയും - ഡിസ്‌നിയും തമ്മില്‍ കരാറിലെത്തുമ്പോള്‍, ഈ ചാനലുകളെല്ലാം ഒരൊറ്റ സ്ഥാപനത്തിന് കീഴില്‍ വരും.
ലയനത്തിനുശേഷം രൂപീകരിക്കുന്ന പുതിയ സംരംഭം ഇന്ത്യന്‍ മാധ്യമ, വിനോദ മേഖലകളിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറും. ഈ പുതിയ കമ്പനി വയാകോം 18 ന്റെ ഉപസ്ഥാപനമായിരിക്കും.
നേരത്തെ റിലയന്‍സ് ഐപിഎല്ലിന്റെ സൗജന്യ സ്ട്രീമിംഗ് നടത്തിയിരുന്നു. നേരത്തെ ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശം ഡിസ്‌നി ഹോട്ട്സ്റ്റാറിനായിരുന്നു.
കരാറിന് ശേഷമുള്ള ബോര്‍ഡ് ഘടനയെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് സൂചന. ഡിസ്‌നിയില്‍ നിന്നും റിലയന്‍സില്‍ നിന്നും തുല്യ എണ്ണം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ഇതോടൊപ്പം ഇരുഭാഗത്തുനിന്നും രണ്ട് ഡയറക്ടര്‍മാരെ വീതം നിയമിച്ചേക്കും.