മുംബൈ: വിനിമയ വിപണി തുടങ്ങിയ ആദ്യ മണിക്കൂറികളില്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഡോളറിനെതിരെ 42 പൈസയുടെ ഇടിവാണ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പഴേ രൂപ നേരിട്ടത്. ഇതോടെ രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം 72.08 എന്ന നിലവാരത്തിലെത്തി.
വിപണിയില്‍ അമേരിക്കന്‍ നാണയത്തിന്റെ ആവശ്യകത വര്‍ധിക്കുന്നതും ബാങ്കുകളും ഇറക്കുമതിക്കാരും ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ ഇടിവിന് കാരണം. അതേസമയം വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുളള ഒഴുക്ക് വര്‍ധിച്ചതും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി.
അമേരിക്ക- ചൈന വ്യാപാര യുദ്ധം കനക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നീക്കുന്നതായും സൂചനയുണ്ട്.
ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തില്‍ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിച്ചത്. 2008 ന് ശേഷം അമേരിക്കന്‍ ഡോളറിനെതിരായി 7.1487 എന്ന നിരക്കിലേക്ക് ചൈനീസ് കറന്‍സിയായ യുവാന് മൂല്യത്തകര്‍ച്ചയുണ്ടായി.
71.66 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.