474 കി.മീ റേഞ്ച്; ചെറു എസ്‌യുവി ഇഎക്സ് 30, ചിത്രങ്ങള്‍ പുറത്തുവിട്ട് വോള്‍വോ

474 കിലോമീറ്റര്‍ റേഞ്ചും 427 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഇരട്ട മോട്ടോറുമുള്ള ചെറു എസ്‌യുവിയാണ് ഇഎക്സ്30.

author-image
Greeshma Rakesh
New Update
474 കി.മീ റേഞ്ച്; ചെറു എസ്‌യുവി ഇഎക്സ് 30, ചിത്രങ്ങള്‍ പുറത്തുവിട്ട് വോള്‍വോ

എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവി ഇഎക്സ്30യുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് വോള്‍വോ. 474 കിലോമീറ്റര്‍ റേഞ്ചും 427 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഇരട്ട മോട്ടോറുമുള്ള ചെറു എസ്‌യുവിയാണ് ഇഎക്സ്30.ജീപ്പ് അവഞ്ചര്‍ ഇവി, സ്മാര്‍ട്ട്#1 എന്നിവരായിരിക്കും ഇഎക്സ്30യുടെ പ്രധാന എതിരാളികള്‍. യൂറോപ്പിനു പുറമേ ഓസ്ട്രേലിയയിലും ജപ്പാനിലും തായ്ലാന്‍ഡിലും ആദ്യഘട്ടത്തില്‍ ഇഎക്സ് 30 വില്‍പനക്കെത്തും.

 

വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ ഇഎക്സ്30ക്ക് സാധിക്കും. ഇത് വോള്‍വൊയുടെ തന്നെ ഏറ്റവും വേഗമുള്ള കാറുകളിലൊന്നാക്കി ഇഎക്സ്30യെ മാറ്റുന്നു. പോള്‍സ്റ്റര്‍ 4ലും സ്മാര്‍ട്ട്#1ലും ഉപയോഗിച്ചിട്ടുള്ള ഗീലിയുടെ എസ്ഇഎ പ്ലാറ്റ്ഫോമാണ് ഇഎക്സ്30ക്ക് നല്‍കിയിരിക്കുന്നത്. 4,233എംഎം നീളമുള്ള ഇഎക്സ്30 അവഞ്ചറിനെക്കാളും നീളമുള്ളതും സ്മാര്‍ട്ട്#1നെക്കാളും നീളം കുറവുമുള്ള വാഹനമായിരിക്കും.

വോള്‍വോ പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട്പ്രിന്റുള്ള കാറെന്നാണ് ഇഎക്സ്30യെ കമ്പനി വിശേഷിപ്പിക്കുന്നത്. അതേസമയം സുരക്ഷയുടേയും പെര്‍ഫോമെന്‍സിന്റേയും കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടുമില്ല. ഈ വൈദ്യുത എസ്യുവി വാങ്ങുന്നവരില്‍ കൂടുതല്‍ പേരും ആദ്യമായിട്ടായിരിക്കും വോള്‍വോ വാഹനം സ്വന്തമാക്കുകയെന്നും കമ്പനി കണക്കുകൂട്ടുന്നുണ്ട്.

 

ഇലക്ട്രിക് വാഹനമായതുകൊണ്ടുതന്നെ മുന്നില്‍ ക്ലോസ്ഡ് ഗ്രില്ലെയാണ് നല്‍കിയിരിക്കുന്നത്. ഇത് വാഹനത്തിന് കാഴ്ചയില്‍ സ്മൂത്ത് ഫിനിഷ് നല്‍കാന്‍ സഹായിക്കുന്നുണ്ട്. വോള്‍വോയുടെ സ്വന്തം 'തോര്‍ ഹാമര്‍' ഹെഡ്ലൈറ്റുകളാണ് ഇഎക്സ്30ക്കുള്ളത്. 18 ഇഞ്ച് മുതല്‍ 20 ഇഞ്ച് വരെ വലുപ്പത്തിലുള്ള വീലുകളില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനും അവസരമുണ്ട്. അഞ്ചു നിറങ്ങളില്‍ ഇഎക്സ് 30 ലഭ്യമാണ്.

 

12.3 ഇഞ്ച് വെര്‍ട്ടിക്കല്‍ ടച്ച്സ്‌ക്രീനാണ് വോള്‍വോ ഇഎക്സ് 30ക്ക് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ബേസ്ഡ് സിസ്റ്റത്തിലാണ് വോള്‍വോയുടെ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉപയോഗിക്കാം.

ഡോറുകളിലെ പരമ്പരാഗത സ്പീക്കറുകള്‍ക്ക് പകരം ഡാഷ്ബോര്‍ഡില്‍ പരന്നിരിക്കുന്നവയാണ് സൗണ്ട് ബാറുകള്‍. 'റൂംസ്' എന്ന പേരില്‍ നാലു വ്യത്യസ്തമായ ഇന്റീരിയര്‍ ഡിസൈന്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്കു മുന്നിലുണ്ടാവും.

 

രണ്ടു ബാറ്ററി ടൈപ്പുകളിലാണ് ഇഎക്സ് 30 വരുന്നത്. എന്‍ട്രി ലെവല്‍ സിംഗിള്‍ മോട്ടോറുമായി 271hp കരുത്ത് പുറത്തെടുക്കുന്ന 51kWh ലിഥിയം അയേണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ചേര്‍ത്തിരിക്കുന്നത്. ഈ ബാറ്ററി ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 342 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ഇനി 69kWhന്റെ നിക്കല്‍ മാംഗനീസ് കൊബാള്‍ട്ട് ബാറ്ററി(NMC) ഉപയോഗിച്ചാല്‍ സിംഗിള്‍ മോട്ടോര്‍ വാഹനത്തിന്റെ റേഞ്ച് 474 കിലോമീറ്റര്‍ വരെയായി ഉയരുകയും ചെയ്യും. ഏറ്റവും ഉയര്‍ന്ന മോഡലില്‍ 158hpയുടെ മറ്റൊരു ഇലക്ട്രിക് മോട്ടോര്‍ കൂടി മുന്നില്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതോടെ ട്വിന്‍ മോട്ടോര്‍ മോഡലിന്റെ കരുത്ത് 427hp ആയി വര്‍ധിക്കും.

 

വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, ബൂട്ട് പവര്‍ ഔട്ട്ലറ്റ്, നാല് യുഎസ്ബി-സി പോര്‍ട്സ്, എളുപ്പത്തിലുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍, 5ജി റിയല്‍ ടൈം കണക്ഷന്‍ എന്നിവയെല്ലാം പുതിയ തലമുറയെ മനസില്‍ കണ്ടുകൊണ്ട് ഇഎക്സ്30ക്ക് നല്‍കിയിട്ടുള്ള ഫീച്ചറുകളാണ്.

പാര്‍ക്ക് പൈലറ്റ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ഡോര്‍ ഓപണിംങ് അലര്‍ട്ട്, പൈലറ്റ് അസിസ്റ്റ്, കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം, ഡ്രൈവര്‍ അലര്‍ട്ട് സിസ്റ്റം എന്നിങ്ങനെ ഡ്രൈവിംങ് കൂടുതല്‍ എളുപ്പത്തിലാക്കുന്ന നിരവധി സൗകര്യങ്ങളും ഈ വാഹനത്തില്‍ വോള്‍വോ നല്‍കിയിട്ടുണ്ട്.

വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനമായ ഇഎക്സ്90യിലെ ലിഡാര്‍ സൗകര്യങ്ങള്‍ ഇഎക്സ്30യില്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ വോള്‍വോയില്‍ നിന്നും പ്രതീക്ഷിക്കുന്ന സുരക്ഷ ഇഎക്സ്30യിലുണ്ടെന്ന് കമ്പനി ഉറപ്പു നല്‍കുകയും ചെയ്യുന്നു.

 

fasttrack volvo auto news