വിപണിയിലുള്ള സെഡാന്‍ വെന്റോവിന് സ്പോര്‍ട്സ് എഡിഷനുമായി ഫോക്സ്വാഗണ്‍ വന്നിരിക്കുകയാണ്. എന്‍ജിനില്‍ അഴിച്ചുപണികളില്ലാതെ പുറംമോടിയിലെ മാറ്റവുമായാണ് സ്പോര്‍ട്സ് എഡിഷന്‍ എത്തിയിരിക്കുന്നത്. ഫോക്സ്വാഗണ്‍ വാഹനങ്ങള്‍ക്ക് പൊതുവെ സ്പോര്‍ട്ടി ലുക്കാണ്. അത് കുറച്ചുകൂടി വര്‍ധിപ്പിക്കുന്ന വിധത്തിലാണ് വെന്റോ സ്പോര്‍ട്സ് എഡിഷന്‍ നിരത്തിലെത്തുന്നത്.
കാര്‍ബണ്‍ ഫിനിഷ് മിററുകള്‍, കറുത്ത നിറം പൂശിയ മുകള്‍ത്തട്ട്, 16 ഇഞ്ച് പോര്‍ട്ടാഗൊ അലോയ് വീലുകള്‍ എന്നിവയാണ് സ്പോര്‍ട്സ് എഡിഷന്റെ സവിശേഷതകൾ. മുന്‍ ഫെന്‍ഡറുകളില്‍ ക്രോമില്‍ തീര്‍ത്ത സ്പോര്‍ട്ട് ബാഡ്ജിങ്ങുമുണ്ട്. മെച്ചപ്പെട്ട തുകലാണ് അകത്തെ ആകര്‍ഷണങ്ങളിലൊന്ന്. സ്റ്റിയറിങ് വീലിലും ഗിയര്‍ഷിഫ്റ്റിലും തുകല്‍ കാണാം.
സ്വിച്ചിലൂടെ മടക്കാവുന്ന വശങ്ങളിലെ കണ്ണാടികള്‍, റിവേഴ്സ് ക്യാമറയോടു കൂടിയ ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മിറര്‍ലിങ്ക് കണക്ടിവിറ്റി എന്നിവയുമുണ്ട്. രണ്ട് എയര്‍ബാഗുകള്‍, ഇ.എസ്.പി.യോടെയുള്ള എ.ബി.എസ്. എന്നിവയുമുണ്ടായിരിക്കും. വെന്റോയുടെ ഹൈലൈന്‍ പതിപ്പിലുളള എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളോടെയുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്ബുകള്‍ ഇതിലും തുടരും. ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് വേരിയന്റുകളിലെ 1.2 ലിറ്റര്‍ TSI പെട്രോള്‍, 1.5 ലിറ്റര്‍ TDI ഡീസല്‍ എന്‍ജിനുകളിലാണ് വെന്റോ സ്പോര്‍ട്സ് ലഭ്യമാകുക.