ഇന്ത്യന്‍ വാഹന വിപണിയിലെ 2016 ലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. ഇന്ത്യുടെ ജനപ്രിയ വാഹനം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നയിക്കുന്ന വിപണിയില്‍ കൊറിയന്‍ നിര്‍മ്മാത്താക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡി നാണ് രണ്ടാം സ്ഥാനം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) മൂന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡിനെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ് നാലാം സ്ഥാനത്തേക്കു മുന്നേറി. ടിയാഗോയുടെ കരുത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വളര്‍ച്ചയോടെ 1,64,123 കാറുകള്‍ വിപണിയിലെത്തിച്ചാണ് ടാറ്റ മോട്ടോഴ്‌സ് 2016ല്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത്.
13,94,972 യൂണിറ്റാണു മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം വിറ്റത്. 2015നെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം വര്‍ധന. പുത്തന്‍ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയിലൂടെ വിപണിയില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന മഹീന്ദ്ര ബൊലേറൊയ്ക്കും ഫോഡ് ഇകോ സ്‌പോര്‍ട്ടിനുമൊക്കെ കനത്ത വെല്ലുവിളി ഉയര്‍ത്താനും കമ്പനിക്കു കഴിഞ്ഞു.
ഗ്രാന്‍ഡ് ഐ 10’, ‘എലീറ്റ് ഐ 20’ തുടങ്ങിയവയുടെ ജനപ്രീതിയുടെ കരുത്തില്‍ 2016ലെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വളര്‍ച്ച ഹ്യുണ്ടായി നേടി. 5,00,537 യൂണിറ്റ് വില്‍പ്പനയോടെയാണു കമ്പനി രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്; 2015ലെ വില്‍പ്പന 4,76,001 കാറുകളായിരുന്നു.
മൂന്നാമതെത്തിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിറ്റത് 2,42,766 യൂണിറ്റാണ്. 2015ല്‍ കമ്പനി വിറ്റത് 2,24,189 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തോളം ഇടിവു നേരിട്ടെങ്കിലും 1,31,149 യൂണിറ്റ് വില്‍പ്പനയോടെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആറാം സ്ഥാനം സ്വന്തമാക്കി. 2015ല്‍ 1,39,819 കാറുകള്‍ വില്‍ക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നു.
ഹോണ്ടയുടെ വില്‍പ്പന 1,56,107 എണ്ണത്തിലൊതുങ്ങി. 2015നെ അപേക്ഷിച്ച് 23% കുറവ്. ഏപ്രിലില്‍ അരങ്ങേറ്റം കുറിച്ച ടിയാഗോയാണു ടാറ്റയെ മുന്നോട്ടു കുതിപ്പിച്ചത്.
ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗനെ 10-ാം സ്ഥാനത്തേക്ക് പിന്തള്ളി ജപ്പാന്‍ സ്വദേശി നിസ്സാന്‍ ഒന്‍പതാമതെത്തി. ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്റെ ശ്രേണിയിലെ റെഡി ഗൊയാണ് നിസ്സാനെ തുണച്ചത്.
2016ലെ വില്‍പ്പനയില്‍ 31% വളര്‍ച്ച നേടിയ നിസ്സാന്‍, 6,411 യൂണിറ്റ് വ്യത്യാസത്തിലാണു ഫോക്‌സ്വാഗനെ മറികടന്നത്. പുത്തന്‍ കോംപാക്ട് സെഡാനായ അമിയൊയുടെ വരവും ഫോക്‌സ്‌വാഗനെ തുണച്ചില്ല; 2016ല്‍ ഫോക്‌സ്വാഗന്‍ 12,863 അമിയൊ വിറ്റപ്പോള്‍ റെഡി ഗൊ വില്‍പ്പന 20,114 യൂണിറ്റോളമെത്തി.
ചെറു ഹാച്ച്ബാക്കായ ‘ക്വിഡ്’ സമ്മാനിച്ച കുതിപ്പില്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ യു എസില്‍ നിന്നുള്ള ഫോഡ് ഇന്ത്യയെ പിന്തള്ളിയെങ്കിലും നേരിയ വ്യത്യാസത്തില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി(ടി കെ എം)നു പിന്നിലാവാനായിരുന്നു വിധി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016ലെ വില്‍പ്പനയില്‍ 146% വര്‍ധനയാണു റെനോ രേഖപ്പെടുത്തിയത്.