കൊച്ചി: പരിസ്ഥിതിക്കിണങ്ങിയ പുതിയ വാണിജ്യ വാഹനങ്ങള്‍ വിപണിയിലിറക്കി ടാറ്റ മോട്ടോഴ്സ്. ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറയില്‍പ്പെട്ട വാണിജ്യവാഹനങ്ങള്‍ ടാറ്റ സ്റ്റീലിന് കൈമാറുന്നതിന്റെ ഫ്ളാഗ് ഓഫ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
പ്രിമ ട്രാക്ടറുകള്‍, ടിപ്പറുകള്‍, അള്‍ട്ര ഇ.വി.ബസ് എന്നിവയാണ് ടാറ്റ സ്റ്റീലിന് കൈമാറിയത്. എല്‍.എന്‍.ജിയിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്നവയാണ് വാഹനങ്ങള്‍. ജംഷഡ്പൂരില്‍ നടന്ന ടാറ്റ ഗ്രൂപ്പ് സ്ഥാപകദിനാഘോഷങ്ങളോടനുബന്ധിച്ചാണ് വാഹനകൈമാറ്റം നടന്നത്. ടാറ്റ സ്റ്റീല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍, ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ തുടങ്ങിയവര്‍ പങ്കെടുത്തു.
സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ പുതിയ വാണിജ്യ വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എ.ഡി.എ.എസ്.), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ സുരക്ഷാസംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.