ഇന്ത്യന്‍ വാഹന വിപണിയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളിലൊന്നാണ് ടാറ്റ. ഇപ്പോഴിതാ നെക്‌സോണും ടിയാഗോയും ടിഗോറുമുള്ള ടാറ്റയുടെ വൈദ്യുതി കാര്‍ ലൈനപ്പിലേക്ക് പുതിയ നാലു കാറുകള്‍ കൂടി എത്തുകയാണ്.
2024 ആദ്യ പാദത്തിനുള്ളില്‍ തന്നെ നാലു കാറുകളും വിപണിയിലെത്തുമെന്നാണ് ടാറ്റ പറയുന്നത്. നെക്‌സോണ്‍ ഇവിയുടെ പരിഷ്‌കരിച്ച പതിപ്പ്, ഹാരിയര്‍ ഇവി, പഞ്ച് ഇവി, കേര്‍വ് ഇവി തുടങ്ങിയവയായിരിക്കും ഈ നാലുവാഹനങ്ങള്‍.
അതെസമയം പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പുതിയ രൂപം ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികള്‍. അതെസമയം വാഹനത്തിന്റെ സാങ്കേതിക വിവരങ്ങളൊന്നും ടാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലെ മോഡലിനെക്കാള്‍ റേഞ്ച് കൂടുതലുണ്ടാകും ഫെയ്‌സ്ലിഫ്റ്റിന്.
മാത്രമല്ല കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പും ചെറു എസ്‌യുവി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും കേര്‍വ് ഇവി എസ്‌യുവിയും വിപണിയിലെത്തിക്കും. 2030 തോടു കൂടി ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ കാറുകളില്‍ 50 ശതമാനവും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ 65 ശതമാനവും ഇലക്ട്രിക് ആക്കി മാറ്റാനുള്ള പദ്ധതിയിലാണ് ടാറ്റ.