സ്‌കോഡയും ഫോക്‌സ്‌വാഗണും ചേർന്ന് 2024ൽ ഇന്ത്യൻ വാഹന വിപണിയിൽ പുതിയ നാലു കാറുകൾ എത്തിക്കാനൊരുങ്ങുന്നു.
സ്‌കോഡ, ഫോക്‌സ്‌വാഗൺ പേരു കേൾക്കുമ്പോൾ രണ്ടെന്നു തോന്നുമെങ്കിലും രണ്ടും ഒന്നു തന്നെയാണ്.
കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാൽ ഫോക്‌സ്‌വാഗൺ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്‌കോഡ് ഓട്ടോ.ഇത് ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കുമെന്നതിൽ സംശയം വേണ്ട.വ്യത്യസ്ത നിറങ്ങളിൽ അത്യുഗ്രൻ മാറ്റങ്ങളോടെയാണ് നാല് കാറുകലും ഇന്ത്യയിലെത്താൻ ഒരുങ്ങുന്നത്.
സ്‌കോഡ സൂപ്പർബ്
ബിഎസ് 6.2 മലിനീകരണ നിയന്ത്രണങ്ങൾ കർശനമായതിനു പിന്നാലെ പിൻവലിക്കേണ്ട വന്ന സൂപ്പർബ് സെഡാനെ വീണ്ടും നിരത്തിൽ
അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്‌കോഡ. പുതുക്കിയ 190 എച്ച് പി, 2.0 ലീറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എൻജിനോടെ എത്തുന്ന സ്‌കോഡ സൂപ്പർബിൽ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സാണ്.ഏറ്റവും ഉയർന്ന വകഭേദമായ എൽ ആൻഡ് കെയിലായിരിക്കും അഡാസ് സുരക്ഷയുള്ളത്.മാത്രമല്ല ഒമ്പത് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലൈൻ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും അഡാസിന്റെ ഭാഗമായുണ്ടാവും. 2024 തുടക്കത്തിൽ തന്നെ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന സൂപ്പർബിന്റെ ഏകദേശ വില 50 ലക്ഷം രൂപയാണ്.
സ്‌കോഡ എന്യാക് ഐവി
ചെക് ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള അടുത്ത വാഹനമാണ് എന്യാക് ഐവി. സ്‌കോഡ ഇന്ത്യൻ വിപണിയിലെത്തിക്കുന്ന ആദ്യ വൈദ്യുത കാറായിരിക്കും ഇത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന 5 സീറ്റർ ക്രോസ് ഓവറാണ് എന്യാക് ഐവി. 77kWh ബാറ്ററിയുള്ള എന്യാക് ഐവിയിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. 265hp ശക്തിയുള്ള എന്യാക് ഐവി ഫോർവീൽ ഡ്രൈവാണ്. 500 കിലോമീറ്റർ റേഞ്ചുള്ള വാഹനത്തിന് പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ 6.9 സെക്കൻഡ് മതി. 2024 മധ്യത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എന്യാക് ഐവിയുടെ പ്രതീക്ഷിക്കുന്ന വില 55 ലക്ഷം രൂപ.
സ്‌കോഡ കോഡിയാക്
രൂപത്തിലും ഭാവത്തിലും കൂടുതൽ മോഡേണായി രണ്ടാം തലമുറ കോഡിയാകും 2024 അവസാനത്തോടെ ഇന്ത്യയിലെത്തും. പുതിയ കോഡിയാകിന് വലിപ്പത്തിലും വർധനവുണ്ടാവും. മൂന്നാം നിര ഇരിപ്പിടങ്ങളിലേക്കും ബൂട്ട് സ്‌പേസിനുമായാണ് ഈ വലിപ്പക്കൂടുതൽ സ്‌കോഡ വീതിച്ചു നൽകുന്നത്.
പുതു തലമുറ സൂപ്പർബുമായാണ് ഇന്റീരിയറിന് സാമ്യത. ഒപ്പം 2.0 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളും 1.5 ലീറ്റർ പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് മോഡലുകളും ഡീസൽ ഓട്ടോമാറ്റിക് എൻജിനും കോഡിയാക്കിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് സ്‌കോഡയുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. രണ്ടാം തലമുറ കോഡിയാക്കിന് പ്രതീക്ഷിക്കുന്ന വില 50 ലക്ഷം രൂപയാണ്.
ഫോക്‌സ്‌വാഗൺ ID.4
സ്‌കോഡ എനിയാക് ഐവിയുടെ ഫോക്‌സ്‌വാഗൺ മോഡലാണ് ID.4. ഇന്ത്യക്കുവേണ്ടിയുള്ള ഈ വൈദ്യുത കാറും ഇറക്കുമതി ചെയ്യുകയാണ് ഫോക്‌സ്‌വാഗൺ. എംഇബി പ്ലാറ്റ്‌ഫോമിൽ എത്തുന്ന വാഹനത്തിന് മുന്നിലും പിന്നിലും പ്രത്യേകം ഇലക്ട്രിക് മോട്ടോറുകളുണ്ടായിരിക്കും. രണ്ടും ചേർന്ന് 299എച്ച്പ് കരുത്തും 460എൻഎം ടോർക്കും പുറത്തെടുക്കും.
77kWh ബാറ്ററി ID.4ന് നൽകുന്ന റേഞ്ച് 480 കിലോമീറ്റർ. ഉയർന്ന പെർഫോമെൻസുള്ള മോഡലിന് 299hp കരുത്തും പരമാവധി 460Nm ടോർക്കും പുറത്തെടുക്കാനാവും. 2014 മധ്യത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ID.4ന്റെ പ്രതീക്ഷിക്കുന്ന വില 55 ലക്ഷം രൂപയാണ്.