ചെന്നൈ: ബുള്ളറ്റ് ആരാധകരെ കൈയിലെടുക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ഇരട്ടകളെ അവതരിപ്പിക്കുന്നു. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് പുതിയ മോഡലുകളാണ് നവംബര്‍ 14-ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനിലാണ് പുതിയ ഇരട്ടക്കുട്ടികള്‍ വരുന്നത്. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ കമ്പനിയുടെ ആദ്യ ബൈക്കുകളാണിവ. നേരത്തെ അമേരിക്കന്‍ വിപണിയിലെത്തിയ ഈ രണ്ടു മോഡലുകള്‍ക്കും ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിനുള്ളില്‍ വില വരുമെന്നാണ് സൂചനകള്‍. 48 സിസി എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്.
7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 6 സ്പീഡാണ് ഗിയര്‍ബോക്സ്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-നും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഇരു മോഡലും ലഭ്യമാകും, മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കിനൊപ്പം സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിയാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഡിസൈന്‍.