കരുത്തും സുരക്ഷയും ആഡംബരവും ഒത്തു ചേരുന്ന് റെസ്വാനി വെന്‍ഗെന്‍സില്‍. തിളങ്ങി നില്‍ക്കുന്ന ഈ മസില്‍ കാറിന്റെ ഓരോ ഭാഗവും വാഹനപ്രോമികളെ ആകര്‍ഷിക്കും. ഹമ്മറും ലാന്‍ഡ് ക്രൂസറും ജി ക്ലാസുമൊന്നും പോരാത്തവര്‍ക്ക് യോജിക്കുന്ന ആഡംബര ഓഫ് റോഡറാണിത്. എന്നാല്‍ ആഡംബരം മാത്രമല്ല യാത്രക്കാരുടെ സുരക്ഷയ്ക്കും വെന്‍ഗെന്‍സില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ബോംബ് പൊട്ടിയാല്‍ ഇതു വെറും പടക്കം എന്ന് ഉള്ളിലുള്ളവര്‍ക്ക തോന്നുമത്രെ.
35 ഇഞ്ച് ടയറുകളും ഉയര്‍ന്ന ബംപറും മുന്നില്‍ എന്തു തടസ്സം വന്നാലും മറികടക്കാനുള്ള ആത്മവിശ്വാസം നല്‍കും. കാറുകളേക്കാള്‍ സൈനിക ടാങ്കിനോടാണ് റിസ്വാനി വെന്‍ഗെന്‍സിന് സാമ്യത ഏറെയുള്ളത്. പിന്നില്‍ നെടു നീളത്തിലുള്ള എല്‍ഇഡി ബ്രേക്ക് ലൈറ്റും റൂഫ് സ്പോയിലറും വ്യത്യസ്തമായ ലുക്ക് നല്‍കുന്നുണ്ട്.
6.2 ലീറ്റര്‍ വി8 എന്‍ജിനാണ് വെന്‍ഗെന്‍സിലുള്ളത്. 3 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്റെ ഓപ്ഷനും ലഭ്യമാണ്. 692PS 885Nm കരുത്തുണ്ട് വെന്‍ഗെന്‍സിന്റെ എന്‍ജിന്. മൂന്നു നിരകളിലായാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മുന്നിലും രണ്ടാം നിരയിലും ക്യാപ്റ്റന്‍ സീറ്റുകളാണുള്ളത്.
പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ടു ചെയ്യുന്ന ഹെഡ് അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓഗ്മെന്റ് റിയാലിറ്റിയുള്ള ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുണ്ട്.
അഡാസ് സുരക്ഷയ്ക്കു പുറമേ മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പും ലൈന്‍ കീപ്പ് അസിസ്റ്റും ഓട്ടോമാറ്റിക് ബ്രേക്കിങ്ങും ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്ങുമെല്ലാം പിന്നാലെ വരുന്നു. ഇതൊരു സൈനിക വാഹനം തന്നെയാണോ എന്ന് ഉള്ളില്‍ കയറിയാലും തോന്നിപ്പിക്കുന്ന നിരവധി സവിശേഷതകള്‍ വെന്‍ഗെന്‍സിലുണ്ട്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ബോഡിയും, സ്മോക്ക് സ്‌ക്രീന്‍, ഓപ്ഷനല്‍ എക്സ്പ്ലൊസീവ് ഡിവൈസ് ഡിറ്റക്ഷന്‍, റണ്‍ ഫ്ളാറ്റ് ടയേഴ്സ്, ഗ്യാസ് മാസ്‌ക്, സ്ട്രോബ് ലൈറ്റ്സ്, അണ്ടര്‍സൈഡ് എക്‌സ്‌പ്ലോസീവ് പ്രൊട്ടക്ഷന്‍, തെര്‍മല്‍ നൈറ്റിവിഷന്‍ സിസ്റ്റം, റീ ഇന്‍ഫോസ്ഡിസ് സസ്‌പെന്‍ഷന്‍, എലക്ട്രോ മാഗ്നെറ്റിക് പള്‍സ് പ്രൊട്ടക്ഷന്‍, ഇലക്ട്രിഫൈഡ് ഡോര്‍ഹാന്‍ഡിലുകള്‍, പെപ്പര്‍ സ്‌പ്രേ ഡിസ്‌പെന്‍സര്‍, ബ്ലൈന്‍ഡിങ് ലൈറ്റുകള്‍ തുടങ്ങി മിലിറ്ററി വാഹനങ്ങള്‍ക്കു പോലും ഇല്ലാത്ത സുരക്ഷയും സൗകര്യങ്ങളും വെന്‍ഗെന്‍സ് നല്‍കുന്നു.
ആരെയും ആകര്‍ഷിക്കുന്ന സൗകര്യങ്ങളും സവിശേഷതകളുമുള്ള വെന്‍ഗെന്‍സ് വിലയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. 2,49,000 ഡോളര്‍ (ഏകദേശം 2.05 കോടി രൂപ) മുതലാണ് വില ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെല്ലാം ഉള്‍പ്പടുത്തിയ വാഹനത്തിന്റെ അടിസ്ഥാന വില 527000 ഡോളര്‍ (ഏകദേശം 4.37 കോടി രൂപ).