ബി.എം.ഡബ്ല്യു എക്സ്1 എന്ന ആഡംബര വാഹനത്തിന് ഉടമയായിരിക്കുകയാണ് രാഖി സാവന്ത്. രാഖി സാവന്തിന്റെ സുഹൃത്തുക്കളായ ആദില്‍ ഖാന്‍ ദുരാനിയും ഷെല്ലി ലാദറും ചേര്‍ന്നാണ് താരത്തിന് ബി.എം.ഡബ്ല്യു എക്സ് 1 സമ്മാനിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ സമ്മാനിച്ച എന്റെ പുതിയ കാര്‍, നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും എന്നുമുണ്ടാകുമെന്ന കുറിപ്പോടെ രാഖി സാവന്ത് തന്നെയാണ് വാഹനത്തിന്റെ ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. വാഹനത്തിന് സമീപത്തുവെച്ച് കേക്ക് മുറിച്ച് മധുരം പങ്കിടുന്നതും താരം പങ്കുവെച്ച വീഡിയോയില്‍ കാണാം.
ബി.എം.ഡബ്ല്യു എക്സ്1-ന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് നടിക്ക് ലഭിച്ച വാഹനമെന്നാണ് സൂചന. എസ് ഡ്രൈവ്20ശ സ്പോര്‍ട്ട് എക്സ്, എക്സ് ലൈന്‍, ടെക് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ത1 പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 39.90 ലക്ഷം രൂപ മുതല്‍ 43 ലക്ഷം രൂപ വരെയാണ് ഈ ആഡംബര വാഹനത്തിന്റെ എക്സ്ഷോറും വില. രാഖി സാവന്തിന്റെ വാഹനം ഏത് വേരിയന്റാണെന്ന് കൃത്യമായ സൂചനയില്ല.
ബി.എം.ബ്ല്യു വാഹനങ്ങളുടെ സിഗ്‌നേച്ചര്‍ കിഡ്‌നി ഗ്രില്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ ഉള്‍പ്പെടെയുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ് തുടങ്ങിയവയാണ് മുഖം അലങ്കരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങ്, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ആംബിയന്റ് ലൈറ്റിങ്, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് അകത്തളം ആഡംബരമാക്കുന്നത്.
2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 7.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 226 കിലോമീറ്ററാണ്. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
എന്നാല്‍ ആരാധകര്‍ ഇതിനൊപ്പം ചര്‍ച്ചചെയ്യുന്ന മറ്റൊരു വസ്തുത രാഖി കുറച്ചുനാള്‍ മുന്‍പ് നടത്തിയ ഒരു പ്രസ്താവനയാണ്. ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്ന കാറില്‍ ഞാന്‍ തൃപ്തയാണ്. വില കൂടിയ ആഡംബര കാറുകള്‍ ഉപയോഗിക്കാനും പരിപാലിക്കാനും ഞാന്‍ സല്‍മാന്‍ ഖാന്‍ ഒന്നുമല്ലല്ലോ...? ഇത് പറഞ്ഞ് അധികം വൈകാതെ തന്നെ രാഖി ഒരു ആഡംബര കാറിന്റെ ഉടമയായിരിക്കുകയാണ്.