പുതിയ YZF-R15 വി3.0, YZF-R3 ബൈക്കുകളുമായി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ് യമഹ മോട്ടോർ ഇന്ത്യ. അടുത്ത വർഷം ഓട്ടോ എക്സ്പോയ്ക്ക് മുമ്പായി തന്നെ അവതരണം നടത്താനുള്ള പദ്ധതിയിലാണ് യമഹ. എബിഎസ് ഉൾപ്പെടുത്തി കൊണ്ടാണ് YZF-R3 അവതരിപ്പിക്കുന്നത്. YZF-R15 വി3.0 പരീക്ഷണയോട്ടങ്ങൾ ഇതിനകം തന്നെ യമഹ പൂർത്തീകരിച്ചിരുന്നു. പതിവ് ടെലിസ്കോപിക് ഫോർക്കുകൾക്ക് പകരം തലകീഴായ ഫോർക്കുകളായിരിക്കും YZF-R15 വി3.0 യിൽ സ്ഥാനം പിടിക്കുക.
മുൻ മോഡലായ YZF-R1ൽ നിന്നും കടം എടുത്തിട്ടുള്ള ഡിസൈൻ ഫീച്ചറുകളാണ് YZF-R15 വി3.0യ്ക്ക് നൽകിയിരിക്കുന്നത്. അഗ്രസീവ് ലുക്ക് പകരുന്നതിന് ട്വിൻ എൽഇഡി ഹെഡ് ലാമ്പും ഇടംതേടിയിട്ടുണ്ട്. പുതിയ 155സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. സ്ലിപ്പർ ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയർബോക്സും എൻജിനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എബിഎസ് ലഭ്യമാക്കിയിട്ടില്ല.
ഇന്ത്യയിൽ ബിഎസ്-IV ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയതിന് ശേഷമായിരുന്നു YZF-R3 വിപണിയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ ബിഎസ്-IV ചട്ടങ്ങൾ പാലിക്കുന്ന പുതിയ 300സിസി പാരലൽ ട്വിൻ എൻജിനുമായിട്ടാണ് YZF-R3 അവതരിക്കുക. 41ബിഎച്ച്പിയും 29.6എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. മറ്റ് ഫീച്ചറുകളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. പുതുതായി എബിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായൊരു സവിശേഷതയാണ്. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലായിരിക്കും YZF-R3 അവതരിക്കുക എന്നതും മറ്റൊരു പ്രധാന സവിശേഷതയാണ്.