ഇന്ത്യയിലെ ഇരുചക്ര വാഹന ലോകത്തേക്ക് പുതിയ ചുവടുവയ്പ്പുമായി എത്തിയ കുഞ്ഞന്‍ ബൈക്ക് ആണ് ഹോണ്ട നവി. ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ നിന്നും കടമെടുത്ത 110 സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ് വഹനത്തിന്റെ കരുത്ത്. രൂപത്തില്‍ ബൈക്കും ഭാവത്തില്‍ സ്‌കൂട്ടറും കരുത്തില്‍ സ്‌കൂട്ടറിന് മുകളിലുമാണ് നവിയുടെ സ്ഥാനം. 2016ല്‍ പുറത്തിറങ്ങിയ നവിയുടെ നവീകരിച്ച മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട.
പുതുക്കിയ ഇന്ധന ഗേജും കൂടുതല്‍ സൗകര്യപ്രദമായ മെറ്റല്‍ മഫ്ളര്‍ സംരക്ഷണവും പുതിയ നവിയുടെ പ്രത്യേകതകളാണ്. നിലവിലുള്ള യൂട്ടിലിറ്റി പാക്കേജിനൊപ്പം ബോഡിക്ക് പുതിയ നിറങ്ങള്‍ നല്‍കുന്ന ഗ്രാബ് റെയില്‍, ഹെഡ്ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍, ചുവന്ന സ്പോര്‍ട്ടി കുഷ്യന്‍ സ്പ്രിങ് തുടങ്ങിയവ രസകരമായ കാഴ്ചയാകുന്നു. റേഞ്ചര്‍ ഗ്രീന്‍, ലഡാഖ് ബ്രൗണ്‍ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും നവി 2018 ലഭ്യമാകും.
2016 ഓട്ടോഎക്സ്പോയിലാണ് ഹോണ്ട നവിയെ ഇന്ത്യയില്‍ പരിചയപ്പെടുത്തുന്നത്. പിന്നീടങ്ങോട്ട് പ്രായഭേദമന്യെ നവി ഇഷ്ടക്കാരനായി മാറി. 2016ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ടൂ-വീലര്‍ അവതരണം എന്ന നിലയിലും നവി ശ്രദ്ധയാകര്‍ഷിച്ചു. രസകരമായ റൈഡിംഗ്, ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മാറ്റം വരുത്താം, മികച്ച മൈലേജ്, ഉയരം കുറഞ്ഞവര്‍ക്കും ഇണങ്ങുന്ന പ്രകൃതം എന്നിങ്ങനെ നിരവധി സവിശേഷതകള്‍ നവിക്ക് സ്വന്തമായുണ്ട്. 2018 മോഡലില്‍ പുറത്തിറക്കിയ പുതുമകളും നിറങ്ങളും വിപണിയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
സ്‌കൂട്ടറുകളെ അപേക്ഷിച്ച് കൂടുതല്‍ കരുത്ത് പ്രദാനം ചെയ്യുന്നു എന്നതാണ് നവിയുടെ സവിശേഷത. 5500 ആര്‍പിഎമ്മില്‍ 8.96 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്നു. ട്യൂബ്ലെസ് ടയറുകള്‍, മുമ്പില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്ക്, പിന്നില്‍ ഹൈഡ്രോലിക് മോണോഷോക്ക് തുടങ്ങിയ സവിശേഷതകളുമുണ്ട്. 44,775 രൂപയാണ് ഡല്‍ഹിയിലെ എക്സ്-ഷോറൂം വില. ആറു നിറങ്ങളില്‍ നവി ലഭ്യമാണ്.