പുതുവർഷത്തിൽ ഇന്ത്യയിലെ ആദ്യ ലോഞ്ച് പ്രഖ്യാപിച്ച് വാഹന നിർമാതാക്കളായ മെഴ്സിഡീസ്. കഴിഞ്ഞ ഏപ്രിൽ മാസം ആഗോള വിപണിയിൽ അവതരിപ്പിച്ച മെഴ്സിഡീസ് ബെൻസ് ജി.എൽ.എസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് 2024-ൽ ഇന്ത്യയിൽ എത്തിക്കുന്ന ആദ്യ വാഹനമെന്നാണ് റിപ്പോർട്ട്. ഇന്റീരിയറിലും മെക്കാനിക്കലായും ശ്രദ്ധേയമായ പുതുമകളാണ് വരുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ മോഡലിനെക്കാൾ മസ്‌കുലർ ഭാവം കൈവരിച്ചതാണ് പുതിയ പതിപ്പിനെ കാഴ്ചയിൽ വ്യത്യസ്തമാക്കുന്നത്.ജി.എൽ.എസ്.450, ജി.എൽ.എസ്. 580 എന്നീ പെട്രോൾ എൻജിൻ വേരിയന്റുകളും ജി.എൽ.എസ്.350 ഡി, 450 ഡി എന്നീ രണ്ട് ഡീസൽ ഓപ്ഷനുകളിലും ഈ വാഹനം വിദേശ നിരത്തുകളിൽ എത്തുന്നുണ്ട്.
എന്നാൽ, 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ ഡീസൽ എൻജിനുകളിലായിരിക്കും ഈ വാഹനം ഇന്ത്യയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമാണ് ഈ രണ്ട് മോഡലുകളിൽ നൽകുന്നത്.
ബി.എം.ഡബ്ല്യു എക്സ്7, ഔഡി ക്യൂ7 എന്നീ വാഹനങ്ങളാണ് പ്രധാനമായും എതിർ സ്ഥാനത്തുള്ളത്. വിലയുൾപ്പെടെയുള്ള വിവരങ്ങൾ അവതരണത്തിനായിരിക്കും വെളിപ്പെടുത്തുക. ഈ വാഹനത്തിന് പിന്നാലെ ജി.എൽ.സി, ജി.എൽ.ഇ, ഇ.ക്യൂ.ഇ തുടങ്ങിയ വാഹനങ്ങളും ഈ വർഷം മെഴ്സിഡീസിൽ നിന്ന് ഇന്ത്യയിൽ എത്തും.