വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം. മാരുതി സുസുക്കി ജിംനി 5 ഡോര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന എസ് യു വി എന്ന വിശേഷണത്തോടെയാണ് ജിംനി 5 ഡോര്‍ വിപണിയിലെത്തുന്നത്.
സെറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയെന്റുകളിലെത്തുന്ന വാഹത്തിന്റെ ഏറ്റവും കുറഞ്ഞ എക്‌സ്‌ഷോറും വില 12.7 ലക്ഷം രൂപയാണ്. ഹൈ എന്‍ഡ് മോഡലായ ആല്‍ഫ ഓട്ടോമാറ്റിക്ക് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് 15.05 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വാഹനം നെക്‌സാ ഷോറുമുകളില്‍ നിന്ന് ഇപ്പോള്‍ 11,000 രുപയ്ക്ക് ബുക്ക് ചെയ്യാം.
പുതിയ ജിംനിക്ക് ഇതുവരെ 30,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 4X4 കാര്‍ എന്ന് മാരുതി സുസുക്കി ജിംനിയെ വിശേഷിപ്പിക്കാം.
മുന്‍കാല വേര്‍ഷനായ ജിംനി 3 ഡോറില്‍ നിന്ന് ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവാരന്‍ പുതിയ വാഹനത്തിന് സാധിച്ചിട്ടില്ല. മുന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും ബ്ലാക്ക്ഡ് ഔട്ട് ഗ്രില്ലുകളും 3-ഡോര്‍ സുസുക്കി ജിംനിയോട് സാമ്യമുള്ളതാണ്. കാറിന്റെ പിന്‍ഭാഗവും സമാനമാണ്. നീളം കൂടിയ വീല്‍ബേസില്‍ കമ്പനി ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്.
103 ഹോഴ്‌സ് പവറും 134 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തു പകരുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ രണ്ട് ഗീയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉപഭോക്താവിന് വാഹനം തെരഞ്ഞെടുക്കാം.
ക്യാബിനിലേക്ക് വരുമ്പോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി-സി പോര്‍ട്ടുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സണ്‍റൂഫ് തുടങ്ങി കമ്പനിയുടെ മറ്റ് എസ്യുവികളെപ്പോലെ എല്ലാ ഫീച്ചറുകളും മാരുതി സുസുക്കി ജിംനി 5-ഡോറിനും ലഭിക്കുന്നു. ഈ വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒരു ഗ്രാബ് ഹാന്‍ഡിലും നല്‍കിയിട്ടുണ്ട്. പരുക്കന്‍ ഓഫ് റോഡര്‍ വാഹനത്തിന് യോജിച്ച ഇന്റീരിയര്‍ തീമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
ആറ് എയര്‍ബാഗുകള്‍, എബിഎസ് ഉള്ള ഇബിഡി, റിയര്‍ വ്യൂ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും മാരുതി സുസുക്കി ജിംനിയിലുണ്ട്.