ന്യൂഡല്‍ഹി: വില്‍പനയില്‍ ചരിത്ര നേട്ടം കുറിച്ച് മാരുതി സുസുക്കി ബ്രസ. പുറത്തിറങ്ങി 94 മാസം കൊണ്ട് 10 ലക്ഷം യൂണിറ്റ് എന്ന ചരിത്രം നേട്ടമാണ് മാരുതി സുസുക്കിയുടെ ചെറു എസ്‌യുവി സ്വന്തമാക്കിയത്. ഇതോടെ നാലു മീറ്റര്‍ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട വാഹനങ്ങളിലൊന്നായി മാരുതി ബ്രസ മാറി. 2016 മാര്‍ച്ചിലായിരുന്നു മാരുതി ബ്രെസയെ വിപണിയില്‍ എത്തിച്ചത്.
വില്‍പന ഒമ്പത് ലക്ഷം യൂണിറ്റ് പിന്നിട്ടതിന് ശേഷം വെറും എട്ട് മാസംകൊണ്ട് പത്തുലക്ഷം യൂണിറ്റ് എന്ന മാര്‍ജിന്‍ കടക്കാന്‍ മാരുതിയ്ക്ക് കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 111371 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. അതായത് ഓരോ മാസവും ശരാശരി 13921 യൂണിറ്റ് വില്‍പന, ദിവസം ശരാശരി 497 യൂണിറ്റ്.
ഈ വര്‍ഷം ആദ്യം വിപണിയില്‍ എത്തിച്ച സിഎന്‍ജി മോഡല്‍ വില്‍പന ഉയര്‍ത്തി എന്നാണ് മാരുതി പറയുന്നത്. പെട്രോള്‍ മോഡലിന് കെ 15സി സ്മാര്‍ട്ട് ഹൈബ്രിഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 75.8 കിലോവാട്ട് കരുത്തും 136.8 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 19.80 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.5 ലീറ്റര്‍ ഡ്യുവല്‍ വിവിടി എന്‍ജിന്റെ സിഎന്‍ജി മോഡില്‍ 64.6 കിലോവാട്ട് കരുത്തും 121.5 എന്‍എം ടോര്‍ക്കുമുണ്ട്. ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 25.51 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.