രാജ്യത്തെ വിവിധോദ്ദേശ്യ വാഹന(എം പി വി) വിപണി വാഴുന്ന ടൊയോട്ട ഇന്നോവ യെ വെല്ലുവിളിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുങ്ങുന്നു. യു 321 എന്ന കോഡ് നാമത്തിലാണു മഹീന്ദ്രയിൽ നിന്നുള്ള പുത്തൻ എം യു വി വികസനം പുരോഗമിക്കുന്നത്. ഈ പുതിയ മോഡലിന്റെ വികസനത്തിനും നിർമാണത്തിനുമായി മഹാരാഷ്ട്രയിലെ നാസിക്കിലും ഇഗ്ഗത്പുരിയിലുമുള്ള ശാലകളിൽ 1,500 കോടി രൂപ നിക്ഷേപിക്കുമെന്നും എം ആൻഡ് എം പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിൻ നിർമാണത്തിനു വേണ്ടിയാണ് ഇഗ്ഗത്പുരി ശാലയിൽ കമ്പനി പണം മുടക്കുക; നാസിക് ശാലയിലെ നിക്ഷേപമാവട്ടെ വാഹന നിർമാണം ലക്ഷ്യമിട്ടുള്ളതാണ്.
കമ്പനിയുടെ നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിൽ ഇപ്പോഴും വികസനഘട്ടത്തിലുള്ള ‘യു 321’ ഇക്കൊല്ലം രണ്ടാം പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതോടൊപ്പം ചെന്നൈയ്ക്കടുത്തുള്ള മഹീന്ദ്ര റിസർച് വാലിയിൽ പുതിയ വാഹനത്തിന്റെ പരീക്ഷണ ഓട്ടവും പുരോഗമിക്കുന്നുണ്ട്.
ഉയരം കൂടിയ, പരമ്പരാഗത രീതിയിലുള്ള രൂപകൽപ്പനയാണു പുതിയ എം പി വിക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നതെന്നാണു സൂചന. അകത്തളത്തിൽ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാൻ നീളമേറിയ വീൽബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവർഹാങ്ങുമാവും പുതിയ എം പി വിക്കുണ്ടാവുക. അടുത്തയിടെ വിപണിയിലെത്തിയ മഹീന്ദ്ര ‘ഇംപീരിയൊ’ പിക് അപ് ട്രക്കിന്റെ ഹെഡ്ലൈറ്റുകളോടാണ് ഈ എം പി വിയുടെ ഹെഡ്ലൈറ്റിനു സാമ്യം. പ്രകടമായ എയർ ഇൻടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും മഹീന്ദ്രയുടെ തനതു ഗ്രില്ലുമാണ് എം പി വിയിലുള്ളത്.
മഹാരാഷ്ട്ര സർക്കാരിന്റെ കാര്യക്ഷമതയും മികച്ച വ്യാവസായിക നയങ്ങളും പരിഗണിച്ചാണു നാസിക ശാലയുടെ വികസനത്തിനായി പണം മുടക്കുന്നതെന്ന് എം ആൻഡ് എം മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക വ്യക്തമാക്കി. നാസിക് മേഖലയുടെ മാത്രമല്ല, മഹാരാഷ്ട്രയുടെ മൊത്തത്തിലുള്ള വികസനത്തിൽ കമ്പനി സജീവ പങ്കാളിയാവുമെന്നും അദ്ദേഹം അറിയിച്ചു.