ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് പുതിയ ബ്രാൻഡ് ഐഡിയിൽ സോണറ്റ്, സെല്‍റ്റോസ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെല്‍റ്റോസിന് 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയും സോണറ്റിന് 6.79 ലക്ഷം രൂപ മുതല്‍ 13.25 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
HTX പെട്രോള്‍ ഓട്ടോമാറ്റിക്, ഡീസല്‍ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. സെല്‍റ്റോസിൽ HTK+ എന്ന ഡീസല്‍ എന്‍ജിന്‍ ആറ് സ്പീഡ് മാനുവല്‍ വേരിയന്റ് ഒഴിവാക്കി പകരം HTX വേരിയന്റ് ഡീസല്‍ എന്‍ജിന്‍ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുകയാണ്.
1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഏഴ് സ്പീഡ് ഡി.സി.ടി എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സോണറ്റിലും മൂന്ന് എന്‍ജിനുകള്‍ പ്രവര്‍ത്തിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഇത്. സോണറ്റിലൂടെ അരങ്ങേറിയ ക്ലച്ചില്ലാത്ത മാന്വൽ ഗിയർബോക്‌സ്, ഐഎംടിയും പുത്തൻ സെൽറ്റോസിൽ കിയ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.
2021 കിയ സെൽറ്റോസിന് 2020 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 6,000 രൂപ മുതൽ 20,000 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്. പുതിയ ലോഗോ ബോണറ്റിലും, ഹബ് ക്യാപ്പിലും, ടെയിൽ ഗെയ്റ്റിലും, സ്റ്റിയറിംഗ് വീലിലും, കീ ഫോബിലും കാണാം.
GTX+ പതിപ്പിൽ പാഡിൽ ഷിഫ്റ്ററുകൾ, വൈറസ്, ബാക്ടീരിയ എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്ന സ്മാർട്ട് എയർ ഫിൽറ്റർ, HTK, HTK+ പതിപ്പുകളിൽ 8-ഇഞ്ച് ടച്ച്സ്‌ക്രീനിന് വയർലെസ്സ് ഫോൺ പ്രോജക്ഷൻ, HTK+ iMT പതിപ്പിന് ബീജ് ഫാബ്രിക് സീറ്റ്, HTX+ പതിപ്പിന് ബ്രൗൺ ലെതറേറ്റ് സീറ്റ് തുടങ്ങിയവയാണ് എടുത്തു പറയേണ്ട മറ്റ് മാറ്റങ്ങൾ.