ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് കാർ കമ്പനികളിൽ ഒന്നാണ് കിയ.കിയയുടെ കൈവശമുള്ള മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാരും ഏറെയാണ്. ഇപ്പോഴിതാ വാഹനപ്രേമികൾക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.കിയ ഉടൻ വിപണിയിലെത്തിക്കുന്ന നാലു മീറ്ററിനുള്ളിൽ വലിപ്പമുള്ള കോംപാക്ട് എസ്‌യുവി ക്ലാവിസ് എന്നായിരിക്കുമെന്ന് പുതിയ റിപ്പോർട്ട്.
2024ൽ ക്ലാവിസ് മാത്രമല്ല വേറെയും പദ്ധതികളുണ്ട് കിയക്ക്. വൈദ്യുത മോഡലായ ഇവി9, കാർണിവെൽ എംപിവി എന്നിവയും കൂടി എത്തുന്നതോടെ ഇന്ത്യയിൽ കിയ വാഹനങ്ങളുടെ വൈവിധ്യം വർധിക്കും. ഇക്കൂട്ടത്തിലേക്കാണ് ക്ലാവിസും ഒരുങ്ങുന്നത്.
എവൈ എന്ന കോഡു നാമത്തിൽ വികസിപ്പിച്ച എസ്‍യുവിയാണ് ക്ലാവിസ് എന്ന പേരിൽ അറിയപ്പെടുക.മാത്രമല്ല സോണറ്റിനും സെൽറ്റോസിനും ഇടയിലായിരിക്കും ക്ലാവിസിനെ കിയ അവതരിപ്പിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കിയ ക്ലാവിസ് 2025 തുടക്കത്തിലായിരിക്കും ഇന്ത്യൻ റോഡുകളിലിറങ്ങുക.
സമ്പന്നമായ പവർട്രെയിൻ ഓപ്ഷൻസോടു കൂടിയാണ് കിയ ക്ലാവിസ് എത്തുന്നത്. പരമ്പരാഗത ഇന്റേണൽ കംപൽഷൻ എൻജിൻ(ICE), വൈദ്യുത വാഹനങ്ങൾ എന്നിവക്കൊപ്പം കംപൽഷൻ എൻജിനുകൾക്കൊപ്പം ചേർന്നുള്ള ഹൈബ്രിഡ് മോഡലുകളും കിയ ക്ലാവിസിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. ഐ സി ഇ മോഡലുകളും ഇ വികളും ഒരേ പ്ലാറ്റ്‌ഫോമിലായിരിക്കും നിർമിക്കുക.
അടുത്തിടെ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ ടെല്യൂറൈഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനായിരിക്കും ക്ലാവിസെന്നാണ് വിവരം. നെക്‌സോൺ.ഇവി പിടിച്ച മാർക്കറ്റാണ് കിയ ക്ലാവിസ് ഇ വിയും ലക്ഷ്യം വെക്കുന്നത്. പ്രതിവർഷം ഒരു ലക്ഷം കിയ ക്ലാവിസിനെ വരെ നിർമിക്കാനുള്ള ശേഷി കിയക്കുണ്ട്. ഇതിൽ 80 ശതമാനവും ഐ സി ഇ എൻജിനുകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഒപ്പം ഇന്ത്യയിൽ നിർമിക്കുന്ന ക്ലാവിസ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യും.
അതെസമയം ലൈഫ് സ്റ്റൈൽ വാഹനമായി അവതരിപ്പിക്കുന്ന ക്ലാവിസിൽ ബോക്‌സി ഡിസൈനും എസ് യു വി സവിശേഷതകളുമുണ്ടെങ്കിലും ഫോർ വീൽ ഡ്രൈവ് ഇല്ലെന്നാണ് സൂചന. ഫ്രണ്ട് വീൽ ഡ്രൈവുള്ള താങ്ങാവുന്ന വിലയിലുള്ള വാഹനം തേടി വരുന്നവർ ക്ലാവിസ് തിരഞ്ഞെടുക്കുമെന്നതിൽ തർക്കമില്ല.കിയയുടെ മാതൃ കമ്പനിയായ ഹ്യുണ്ടേയ് ജനപ്രിയ ബജറ്റ് കാറുകളുമായാണ് ഇന്ത്യൻ വിപണി പിടിച്ചത്.