എക്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. മൈക്രോ എസ്യുവി വിപണിയില്‍ ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവയുമായി മത്സരിക്കുന്ന വാഹനമായ എക്സ്റ്റര്‍ ഉടന്‍ വിപണിയിലെത്തും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക.
ഹ്യുണ്ടേയ് വാഹനങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം മുന്‍ഭാഗമാണ് എക്സ്റ്ററിന്.ഹ്യുണ്ടേയ് സെന്‍സ്യസ് സ്പോര്‍ട്ടിനെസ് എന്ന ഡിസൈന്‍ ഭാഷ്യത്തിലാണ് നിര്‍മാണം.മാത്രമല്ല സ്ലിറ്റ് ഹെഡ്ലാംപ്, എച്ച് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയുണ്ട്.
വെന്യു, ക്രേറ്റ, അല്‍കസാര്‍ എന്നീ വാഹനങ്ങളെക്കാള്‍ എക്സ്റ്ററിന്റെ മുന്‍ഭാഗത്തിന് സാമ്യം അയോണിക് 5 മോഡലുമായിട്ടാണ്. എച്ച് ആകൃതിയിലുള്ള ടെയ്ല്‍ ലാംപും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഡ്യുവല്‍ എക്സ്ഹോസ്റ്റും എ, ബി പില്ലറുകളും വാഹനത്തിനുണ്ട്.
1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. എക്സ്റ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല. 3.8 മീറ്റര്‍ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.
ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്കു വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടേയ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്ഫോം തന്നെയായിരിക്കും എക്സ്റ്ററിനും.
ഹ്യുണ്ടേയ് വെന്യു, വെന്യു എന്‍ലൈന്‍, ക്രേറ്റ, അല്‍കസാര്‍, കോന ഇലക്ട്രിക്, ട്യൂസോണ്‍, അയോണിക് 5 എന്നീ എസ്യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായാണ് മൈക്രോ എസ്യുവി എക്സ്റ്റര്‍ എത്തുന്നത്.