പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് പുറത്തിറക്കുന്ന ഏഴ് സീറ്റുള്ള എസ്.യു.വി അൽകാസറിന്റെ ബുക്കിങ് ആരംഭിച്ചു. ക്രെറ്റയുടേതിന് സമാനമായ ഡിസൈനിങ്ങാണ് അൽകാസറിനും നൽകിയിരിക്കുന്നത്. മാത്രമല്ല എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളും സമാനമാണ്. മുന്നിൽ ഡ്യുവൽ-ടോൺ ക്യാപ്റ്റൻ സീറ്റുകൾ, കപ്പ്ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്റ്റ് എന്നിവയുണ്ട്.
പിന്നിൽ ഐസോഫിക്സ് മൗണ്ടുകളും വയർലെസ് ചാർജിങ് പാഡും ഹ്യൂണ്ടായ് നൽകും. എൻജിൻ സവിശേഷത നോക്കുകയാണെങ്കിൽ എലാൻട്ര, ട്യൂസോൺ എന്നിവയിൽ കാണുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റിന്‍റെ പുതുക്കിയതും ശക്തവുമായ പതിപ്പായിരിക്കും പെട്രോൾ എഞ്ചിൻ. 159hp കരുത്തും 192Nm ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. ക്രെറ്റയിലുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂനിറ്റായിരിക്കും ഡീസൽ എഞ്ചിൻ. 115 എച്ച് പി, 250 എൻഎം എന്നിവ ഉത്പാദിപ്പിക്കും.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഹ്യുണ്ടായിയുടെ കണക്റ്റഡ് കാർ ടെക്, 360 ഡിഗ്രി കാമറ, പനോരമിക് സൺറൂഫ്, ഐസോഫിക്സ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിന് നൽകിയിട്ടുണ്ട്. മുൻവശത്തെ ഗ്രില്ലും, ബമ്പറും ക്രെറ്റയുടേതിന് സമാനമാണ്.