ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിയിഞ്ഞിരിക്കേണ്ട ഒന്നാണ് വാഹനങ്ങളിലെ ഇന്‍ഡിക്കേറ്ററുകളുടെ ഉപയോഗം. ഇന്‍ഡിക്കേറ്റര്‍, ഹസാഡസ് ലൈറ്റ് തുടങ്ങിയവയുടെ ഉപയോഗവും, ഇത് എപ്പോഴൊക്കെ ഉപയോഗിക്കണമെന്നതും സംബന്ധിച്ച് നിരവധി തവണയാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസുമെല്ലാം മുന്നറിയിപ്പുകളും ബോധവത്കരണവും നല്‍കിയിട്ടുള്ളത്. എന്നാല്‍, ഒട്ടുമിക്ക ആളുകളും ഇപ്പോഴും ഇത് വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നില്ല.
വാഹനം തിരിയുന്നതിന് തൊട്ടുമുന്‍പല്ല ഇന്‍ഡിക്കേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കണം. അതേസമയം, ഹൈവേകളില്‍ ആണെങ്കില്‍ വാഹനം തിരിയുന്നതിന് 900 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ ഇട്ട് പിന്നില്‍ വരുന്ന വാഹനത്തിന് മുന്നറിയിപ്പ് നല്‍കണം. തിരിഞ്ഞ ശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്യാനും ശ്രദ്ധിക്കണമെന്നാണ് മോട്ടോര്‍ വാഹന നിയമത്തിലുള്ളത്.
യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്ററുകള്‍ ഇടാന്‍ ശ്രദ്ധിക്കണം. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ നിന്നും തിരിയാന്‍ അവകാശമുണ്ടെന്ന് ധരിക്കരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാന്‍ പാടുള്ളൂ. റിയര്‍വ്യൂ മിറര്‍ നോക്കി പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. ലെയ്ന്‍ മാറി ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കുക. കൂടാതെ റൗണ്ട് എബൗട്ടിലും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം.
ലൈറ്റുകളില്‍ ഏറ്റവുമധികം തെറ്റായ ധാരണയുള്ളത് ഹസാഡസ് ലൈറ്റുകളുടെ കാര്യത്തിലായിരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് ഹസാഡസ് ലൈറ്റ് ഉപയോഗിക്കേണ്ടതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശം. വാഹനം യന്ത്രതകരാര്‍ സംഭവിച്ചോ, ടയര്‍ മാറ്റിയിടാനോ, അപകടത്തില്‍ പെട്ടോ റോഡിലോ റോഡ് അരികിലോ നിര്‍ത്തിയിടേണ്ടി വന്നാല്‍.
പ്രതികൂല കാലാവസ്ഥയില്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നാല്‍. യന്ത്രതകരാര്‍ സംഭവിച്ച് വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുമ്പോള്‍ രണ്ട് വാഹനങ്ങളിലും ഹസാഡസ് ലൈറ്റുകള്‍ തെളിയിക്കണം. മഴ, മഞ്ഞ് തുടങ്ങിയ കാലാവസ്ഥകളില്‍ ഒരിക്കലും ഹസാഡസ് വാണിങ്ങ് ലൈറ്റുകള്‍ തെളിയിച്ച് ഓടിക്കാന്‍ പാടില്ല.