സ്റ്റൈലൻ ലുക്ക്, ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി പുതിയ കോഡിയാക് ; ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി എത്തുന്ന പുതിയ കോഡിയാകിന് നിലവിലെ മോഡലിനേക്കാളും കൂടുതൽ നീളുമുണ്ട്. ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡ 5 സീറ്റര്‍ 7 സീറ്റര്‍ ഓപ്ഷനുകളില്‍ കോഡിയാക് പുറത്തിറക്കും.

author-image
Greeshma Rakesh
New Update
സ്റ്റൈലൻ ലുക്ക്, ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി പുതിയ കോഡിയാക് ; ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

പുതിയ കോഡിയാക് എസ്‌യുവിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് സ്‌കോഡ. ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി എത്തുന്ന പുതിയ കോഡിയാകിന് നിലവിലെ മോഡലിനേക്കാളും കൂടുതൽ നീളുമുണ്ട്. ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡ 5 സീറ്റര്‍ 7 സീറ്റര്‍ ഓപ്ഷനുകളില്‍ കോഡിയാക് പുറത്തിറക്കും. ഒക്ടോബര്‍ 4-നാണ് ആഗോള തലത്തില്‍ കോഡിയാക് എസ്‌യുവി പുറത്തിറക്കുന്നത്.

അതെസമയം സ്ലാവിയയിലും കുഷാകിലുമുള്ളതിനു സമാനമായ സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ലെ തന്നെയാണ് പുതിയ കോഡിയാക്കിലും. രണ്ടാം തലമുറ സ്പ്ലിറ്റ് എല്‍ഇഡി മെട്രിക്‌സ് ഹെഡ്‌ലാംപാണ് മുന്നില്‍. 17 ഇഞ്ച് മുതല്‍ 20 ഇഞ്ചു വരെയുള്ള നാലു വ്യത്യസ്ത വലിപ്പങ്ങളിലുള്ള ചക്രങ്ങളില്‍ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനാവും.

ഡാര്‍ക്ക് ക്രോമെ ഫിനിഷിലാണ് ഡി പില്ലര്‍ വരുന്നത്. പിന്നിലെ ടെയ്ല്‍ ലൈറ്റ് 'C' രൂപത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ സ്‌കോഡ കുഷാക്കിന്റെ 5 സീറ്ററിന് മുന്‍ മോഡലിനേക്കാള്‍ 61 എംഎമ്മും 7 സീറ്ററിന് 59എംഎമ്മും നീളക്കൂടുതലുണ്ട്. അതെസമയം വാഹനത്തിന്റെ ഉയരവും വീതിയും വീല്‍ബേസും മാറ്റമില്ലാതെ തുടരുകയാണ്.

ഉള്ളിലെ കണ്‍സോളില്‍ മൂന്നു നോബുകളാണ് പ്രധാനമായുള്ളത്. ഇതില്‍ അറ്റത്തെ രണ്ടെണ്ണം വാഹനത്തിലെ താപനിലയും സീറ്റ് വെന്റിലേഷനും നിയന്ത്രിക്കാനുള്ളതാണ്. നടുവിലെ നോബ് ഉപയോഗിച്ച് ശബ്ദം, ഫാന്‍ സ്പീഡ്, ഡ്രൈവിങ് മോഡുകള്‍ എന്നിവ നിയന്ത്രിക്കാനാകും. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ളിലുണ്ട്.

പെട്രോള്‍, ഡീസല്‍, PHEV പവര്‍ട്രെയിനുകളിലാണ് സ്‌കോഡ കോഡിയാക് എത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനുകള്‍. ചെറിയ ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുന്ന 1.5 ലീറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് ആദ്യത്തേത്. രണ്ടാമത്തെ 2.0 ലീറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്നതാണ്.

ഡീസലില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുണ്ട്. 2.0 ലീറ്റര്‍ ടിഡിഐ എന്‍ജിനില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ബോക്‌സ്. ഈ എന്‍ജിനില്‍ 150 hp കരുത്തുള്ള മോഡലും 193hpയുടെ പെര്‍ഫോമെന്‍സ് എഡിഷനും സ്‌കോഡ പുറത്തിറക്കുന്നു. പെര്‍ഫോമെന്‍സ് എഡിഷനില്‍ ഫോര്‍വീല്‍ ഡ്രൈവുമുണ്ട്.

മൂന്നാമത്തെ പവര്‍ട്രെയിന്‍ ഹെബ്രിഡാണ്. 1.5 ലീറ്റര്‍ ടിഎസ്‌ഐ എന്‍ജിനൊപ്പം 204hp കരുത്തുള്ള 25.7kWh ബാറ്ററിയുമാണ് വാഹനത്തിലുണ്ടാവുക. 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഗിയര്‍ബോക്‌സാണ് ഹൈബ്രിഡിലുള്ളത്. വൈദ്യുതിയില്‍ മാത്രം 100 കിലോമീറ്ററിലേറെ സഞ്ചരിക്കാമെന്നതാണ് ഹൈബ്രിഡിന്റെ മികവ്.

 

fasttrack auto news skoda skoda kodiaq bike news