15 മിനിറ്റ് ചാർജിൽ 499 കി.മീ; അമ്പരപ്പിച്ച് ചൈനയുടെ സീക്കർ

ശൈത്യകാലത്തെ താഴ്ന്ന താപനിലയില്‍ പോലും എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന മികച്ച പ്രകടനമാണ് പുതിയ എല്‍എഫ്പി ബാറ്ററി നടത്തുന്നതെന്ന് സീക്കര്‍ അവകാശപ്പെടുന്നു.

author-image
Greeshma Rakesh
New Update
15 മിനിറ്റ് ചാർജിൽ 499 കി.മീ; അമ്പരപ്പിച്ച് ചൈനയുടെ സീക്കർ

 

അതിവേഗ ചാര്‍ജിങും റേഞ്ചും കൊണ്ട് ലോകമെമ്പാടുമുള്ള വാഹനപ്രേമികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ് ചൈനീസ് പ്രീമിയം ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായ സീക്കര്‍.

ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനികളിലൊന്നായ ഗീലി ഹോള്‍ഡിങ് ഗ്രൂപ്പിനു കീഴില്‍ വരുന്ന ബ്രാന്‍ഡാണ് സീക്കര്‍. 15 മിനുറ്റു ചാര്‍ജ് ചെയ്താല്‍ 310 മൈല്‍ അതായത് ഏകദേശം 499 കിലോമീറ്റര്‍) സഞ്ചരിക്കാനാവുന്ന ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്(LFP) ബാറ്ററിയാണ് സീക്കറിലുള്ളത്.

ശൈത്യകാലത്തെ താഴ്ന്ന താപനിലയില്‍ പോലും എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന മികച്ച പ്രകടനമാണ് പുതിയ എല്‍എഫ്പി ബാറ്ററി നടത്തുന്നതെന്ന് സീക്കര്‍ അവകാശപ്പെടുന്നു. സീക്കര്‍ 007 എന്ന പുറത്തിറക്കാനിരിക്കുന്ന മോഡലിലായിരിക്കും പുതിയ ബാറ്ററി ആദ്യമായി പരീക്ഷിക്കുക.

സെയ്ജിയാങ് പ്രവിശ്യയിലെ ഗീലിക്ക് കീഴിലുള്ള പ്ലാന്റിലാണ് പുതിയ ബാറ്ററി നിര്‍മിക്കുന്നത്. ഡിസംബര്‍ 27ന് ചൈനയില്‍ അവതരിപ്പിക്കുന്ന സീക്കര്‍ 007 അടുത്തവര്‍ഷം ജനുവരിയില്‍ തന്നെ ചൈനീസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 75.6KWh എല്‍എഫ്പി ബാറ്ററിയുള്ള സീക്കര്‍ 007ന് 427 മൈലാണ്(ഏകദേശം 687 കിലോമീറ്റര്‍) റേഞ്ച്. എനര്‍ജി ഡെന്‍സിറ്റിയിലുണ്ടായ വര്‍ധനവ് സുരക്ഷയെ ബാധിക്കില്ലെന്ന ഉറപ്പും സീക്കര്‍ നല്‍കുന്നു.

അതെസമയം നിക്കല്‍ മാംഗനീസ് കൊബാള്‍ട്ട്(NMC) ബാറ്ററികളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ എഫ് പി ബാറ്ററികളില്‍ എനര്‍ജി ഡെന്‍സിറ്റി കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ സീക്കര്‍ എന്‍ജിനീയര്‍മാര്‍ ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റിയുള്ള പ്രത്യേകം ബാറ്ററി പാക്ക് എല്‍ എഫ് പി ബാറ്ററിക്കുവേണ്ടി രൂപകല്‍പന ചെയ്തു.

ഓരോ ബാറ്ററികളും ചൈനയിലെ നാഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ക്വാളിറ്റി ഇന്‍സ്‌പെക്ഷന്‍ ആന്റ് ടെസ്റ്റിങ് സെന്ററിനു കീഴില്‍ ആറു ഘട്ടങ്ങളുള്ള കര്‍ശനമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് പുറത്തിറങ്ങുന്നത്.

സീക്കര്‍ 001 ക്രോസ് ഓവറിലും 009 മിനിവാനിലും മറ്റൊരു ചൈനീസ് കമ്പനിയായ CATL നിര്‍മ്മിക്കുന്ന നിക്കല്‍-മാംഗനീസ്-കൊബാള്‍ട്ട് ബാറ്ററികളാണ് ഉപയോഗിച്ചിരുന്നത്. സ്വന്തമായി എല്‍ എഫ് പി ബാറ്ററികള്‍ നിര്‍മിച്ച് വാഹനങ്ങളില്‍ ഉപയോഗിക്കുക വഴി ബാറ്ററിക്കുവേണ്ടി പുറത്തുനിന്നുള്ള വിതരണക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സീക്കറിന് സാധിക്കുന്നു.

10 മിനുറ്റ് ചാര്‍ജു ചെയ്താല്‍ 248 മൈല്‍ (ഏകദേശം 399 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ സാധിക്കുന്ന എല്‍ എഫ് പി ബാറ്ററി CATL കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. ഇതിന് ഗീലിയുടേയും സീക്കറിന്റേയും മറുപടിയാണ് പുതിയ ബാറ്ററി അവതരിപ്പിക്കുന്നത്.

auto news chinas zeekr LFP Battery