രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹനനിര്‍മ്മതാക്കളായ ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുധനാഴ്ച നിരത്തിലെത്തും. ഒരുകാലത്ത് ബജാജിന്റെ ജനപ്രിയ സ്‌കൂട്ടറായിരുന്ന ചേതക്കാണ് ഇലക്ട്രിക് കരുത്തില്‍ തിരിച്ചെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജാജ് ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് വാഹനത്തിന്റെറ പേരെന്നും അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡില്‍ ഏകദേശം ഒരു ലക്ഷം രൂപ ഓണ്‍റോഡ് വിലയിലായിരിക്കും വാഹനമെത്തുകയെന്നുമാണ് സൂചന.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയായിരിക്കും ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.
ഹാന്‍ഡില്‍ ബാറിലെ എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12
ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് തുടങ്ങിയവ ഇലക്ട്രിക് ചേതകിന്റെ പ്രത്യേകതകളായിരിക്കും.
ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനമായ ചേതക്കിനെ 1972 ലാണ് ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു വാഹനത്തിന്റെ നിര്‍മ്മാണം. ഒരുകാലത്ത് മദ്ധ്യവര്‍ഗ ഇന്ത്യക്കാരന്റെ വാഹനസ്വപ്‌നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്. ഇരുചക്രവാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. 2006ലാണ് ചേതക്കിന്റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നത്.