ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടുന്ന ആദ്യ വാഹനങ്ങള്‍ നേട്ടം സ്വന്തമാക്കി ടാറ്റ ഹാരിയറും സഫാരിയും. ഡിസംബര്‍ 15 ന് നടത്തിയ ആദ്യത്തെ ഭാരത് ക്രാഷ് ടെസ്റ്റിലാണ് ഹാരിയറിനും സഫാരിക്കും 5 സ്റ്റാര്‍ ലഭിച്ചത്. നേരത്തെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും സഫാരിയും ഹാരിയറും 5 സ്റ്റാര്‍ നേടിയിരുന്നു.
മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 32 ല്‍ 30.08 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 44.54 പോയിന്റുമാണ് ഇരുവാഹനങ്ങളും കരസ്ഥമാക്കിയത്. സൈഡ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 16 പോയിന്റും ഫ്രണ്ടല്‍ ഓഫ് സെറ്റ് ബാരിയര്‍ ടെസ്റ്റില്‍ 16 ല്‍ 14.08 പോയിന്റും വാഹനങ്ങള്‍ കരസ്ഥമാക്കി. ഡിസംബര്‍ 2023 ല്‍ നിര്‍മിച്ച ആറ് എയര്‍ബാഗുകളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഹാരിയര്‍ മാനുവല്‍, ഓട്ടമാറ്റിക് മോഡലുകള്‍ക്കും സഫാരി മാനുവല്‍, ഓട്ടമാറ്റിക് വകഭേദങ്ങള്‍ക്കും റേറ്റിങ് ബാധകമാണ്.
ഭാരത് ക്രാഷ് ടെസ്റ്റില്‍ ടാറ്റ വാഹനങ്ങള്‍ 5സ്റ്റാര്‍ സ്വന്തമാക്കിയ വിവരം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 പോയിന്റില്‍ 33.05 പോയിന്റും ഇരുവാഹനങ്ങളും നേടിയിരുന്നു. ടെസ്റ്റില്‍ 2 വാഹനങ്ങളും ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നല്‍കിയത്. ചെസ്റ്റിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വാഹനം സൈഡ് ഇംപാക്ടില്‍ കര്‍ട്ടന്‍ എയര്‍ബാഗുകളുടെ സുരക്ഷ കൃത്യമായി നിര്‍വഹിച്ചു.