സ്‌കൈ ബസ് സുസ്ഥിരമായ, തിക്കുതിരക്കുമില്ലാത്ത നഗരയാത്രാ സൗകര്യമാണ്. ട്രാഫിക്ക് ബ്ലോക്കുകള്‍ ഒഴിവാകും എന്നു മാത്രമല്ല, മലിനീകരണവും കുറയും. ഉയരത്തിലൂടെ കടന്നുപോകുന്നതിനാല്‍ സ്ഥല ഉപയോഗവും കുറച്ചുമതി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
തിരക്കും യാത്രക്ലേശവും കുറഞ്ഞ നഗരഗതാഗതത്തിന് അനുയോജ്യമായ സ്‌കൈ ബസിന്റെ ഗുണങ്ങളാണ് ഗഡ്കരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഷാര്‍ജയിലെ യുസ്‌കൈ ടെക്‌നോളജിയിലെ സെന്റര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, സ്‌കൈ ബസില്‍ യാത്രയും നടത്തിയ ശേഷമാണ് അതിന്റെ മേന്മകളെ കുറിച്ച് പങ്കുവച്ചത്. പ്രേഗിലെ സന്ദര്‍ശന ശേഷം മടങ്ങി വരുമ്പോഴാണ് ഷാര്‍ജയില്‍ യുസ്‌കൈ ടെക്‌നോളജി സെന്റര്‍ സന്ദര്‍ശിച്ചത്.
പ്രത്യേകമായി ഡിസൈന്‍ ചെയ്ത മുകള്‍പാതയിലൂടെയാണ് സ്‌കൈ ബസ് സഞ്ചരിക്കുന്നത്. വേഗത, സുരക്ഷ, വിഭവങ്ങളുടെയും ഭൂമിയുടെയും കുറഞ്ഞ ഉപയോഗം, പരിസ്ഥിതി നാശം കുറവ് എന്നിവയെല്ലാം സ്‌കൈ ബസിന്റെ പ്രത്യേകതയാണ്. കൂടാതെ, നിലവിലുള്ള ഗതാഗത സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയുടെ ചെലവും ഗണ്യമായി കുറവാണ്.