രാജ്യത്തുടനീളമുള്ള ദേശീയ പാതകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും ആണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസങ്ങളില്‍ ഇന്ത്യയിലെ ദേശീയപാതാ നിര്‍മാണ വേഗത കുറഞ്ഞു.
പ്രതിദിനം 20.43 കിലോമീറ്ററായി കുറഞ്ഞുവെന്ന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2020-21ല്‍ രജിസ്റ്റര്‍ ചെയ്ത പ്രതിദിന റോഡ് നിര്‍മ്മാണ വേഗത 37 കിലോമീറ്റര്‍ ആണ്. ഈ കണക്കുകളുമായി താരത്യമപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വേഗത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് -19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട തടസങ്ങളും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പതിവിലും ദൈര്‍ഘ്യമേറിയ മണ്‍സൂണും കാരണം ദേശീയ പാത നിര്‍മ്മാണത്തിന്റെ വേഗത 2021-22ലും പ്രതിദിനം 28.64 കിലോമീറ്ററായി കുറഞ്ഞിരുന്നു.
2021-22 ഏപ്രില്‍-ജൂലൈ കാലയളവില്‍ 2,927 കിലോമീറ്റര്‍ നിര്‍മ്മിച്ചപ്പോള്‍, 2022-23 ഏപ്രില്‍-ജൂലൈ കാലയളവില്‍ 2,493 കിലോമീറ്റര്‍ ദേശീയ പാതകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്നും റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ വേഗത കുറഞ്ഞതായി റോഡ് ഗതാഗത മന്ത്രാലയം പറയുന്നു. മുന്‍വര്‍ഷത്തെ 2,434 കിലോമീറ്റര്‍ റോഡ് പദ്ധതികളെ അപേക്ഷിച്ച് 2022 ഏപ്രില്‍-ജൂലൈ കാലയളവില്‍ 1,975 കിലോമീറ്റര്‍ റോഡ് പദ്ധതികള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
നടപ്പുസാമ്പത്തിക വര്‍ഷം 12,000 കിലോമീറ്ററാണ് ഹൈവേ നിര്‍മാണത്തിന്റെ ഔദ്യോഗിക ലക്ഷ്യം. 2019-20ല്‍ 10,237 കിലോമീറ്ററും 2020-21ല്‍ 13,327 കിലോമീറ്ററും 2021-22ല്‍ 10,457 കിലോമീറ്ററും ദേശീയ പാതകള്‍ നിര്‍മിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു