ട്രെയിനുകള്‍ക്ക് സമാനമായി ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂര സ്ഥലങ്ങളിലേക്കെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ബൈക്ക് എക്സ്പ്രസ് എത്തുന്നു. പഴയ ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുക. കെ.എസ്.ആര്‍.ടി.സി.ക്ക് മുന്‍പ് ഉണ്ടായിരുന്ന ലോജിസ്റ്റിക്ക് വാനുകളുടെ മാതൃകയിലാണ് ഇവയും തയ്യാറാക്കുന്നത്.
പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമം പദ്ധതിക്ക് അന്തിമരൂപം നല്‍കും.കൊറിയര്‍ സര്‍വീസ് വിജയമായതിനെ തുടര്‍ന്ന് ലോജിസ്റ്റിക്സ് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈക്ക് എക്സ്പ്രസ് പദ്ധതി.
ബൈക്ക് എക്സ്പ്രസ് സര്‍വീസിന് നിരക്ക് നിശ്ചയിച്ചിട്ടില്ല. തീവണ്ടിയിലും ചരക്കുഗതാഗത കമ്പനികള്‍ വഴി ഇരുചക്ര വാഹനങ്ങള്‍ അയക്കുന്നതിനേക്കാള്‍ നിരക്ക് കുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ നീക്കം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സര്‍വീസുമില്ലാത്ത റൂട്ടുകള്‍ കൂടുതലായി ഉള്‍പ്പെടുത്തും.
കെ.എസ്.ആര്‍.ടി.സി.യുടെ കൊറിയര്‍ സര്‍വീസ് നിലവില്‍ ലാഭത്തിലാണ്. ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നുണ്ട്.