ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ട്രെയിനുകളിലേക്ക് മാറാന്‍ ഇന്ത്യന്‍ റെയില്‍വെ. ഇതിന്റെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 35 ട്രെയിനുകള്‍ വാങ്ങാന്‍ റെയില്‍വെ ഒരുങ്ങുന്നു. ഇതിനായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 2,800 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
സീമെന്‍സ്, കമ്മിന്‍സ്, ഹിറ്റാച്ചി, ഭെല്‍, മേധ സെര്‍വോ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുമായി ഇന്ത്യന്‍ റെയില്‍വെ കൂടിക്കാഴ്ച നടത്തി. ഒന്നിലധികം കമ്പനികള്‍ താല്‍പ്പര്യത്തോടെ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സൂചന.
പൈതൃക പാതകളില്‍ ഹരിത ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവിലുള്ള ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡിഇഎംയു) ട്രെയിനില്‍ ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റിന്റെ ചുമതല മേധ സെര്‍വോയ്ക്ക് ആണ്. ജിന്ദ്-സോനിപത് പാതയില്‍ ഈ വര്‍ഷം തന്നെ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങും.
ഓരോ ഹൈഡ്രജന്‍ ട്രെയിനിനും ഏകദേശം 80 കോടി രൂപ ചെലവ് വരുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ പൈതൃക, മലയോര റൂട്ടുകളില്‍ 70 കോടി രൂപ വീതം നിക്ഷേപം വേണ്ടിവരുമെന്നും അടുത്തിടെ റെയില്‍വേ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു.