അതിവേഗ ചാര്‍ജിങും റേഞ്ച് കൊണ്ട് വിസ്മയിപ്പിക്കുകയാണ് ചൈനീസ് പ്രീമിയം ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായ സീക്കര്‍. 15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ ഏകദേശം 499 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് സീക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്.സീക്കര്‍ 007 എന്ന പുറത്തിറക്കാനിരിക്കുന്ന മോഡലിലായിരിക്കും പുതിയ ബാറ്ററി ആദ്യമായി പരീക്ഷിക്കുക.
ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനികളിലൊന്നായ ഗീലി ഹോള്‍ഡിങ് ഗ്രൂപ്പിനു കീഴില്‍ വരുന്ന ബ്രാന്‍ഡാണ് സീക്കര്‍. സെയ്ജിയാങ് പ്രവിശ്യയിലെ ഗീലിക്ക് കീഴിലുള്ള പ്ലാന്റിലാണ് ഈ ബാറ്ററി നിര്‍മിക്കുന്നത്. ഡിസംബര്‍ 27ന് ചൈനയില്‍ അവതരിപ്പിക്കുന്ന സീക്കര്‍ 007 അടുത്തവര്‍ഷം ജനുവരിയില്‍ തന്നെ ചൈനീസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 75.6 KWh എല്‍എഫ്പി ബാറ്ററിയുള്ള സീക്കര്‍ 007ന് ഏകദേശം 687 കിലോമീറ്റര്‍ റേഞ്ചാണുള്ളത്.
കുറഞ്ഞ താപനിലയില്‍ പോലും മികച്ച പ്രകടനമാണ് പുതിയ എല്‍എഫ്പി ബാറ്ററി നടത്തുന്നതെന്നാണ് സീക്കര്‍ അവകാശപ്പെടുന്നത്. വൈദ്യുത കാറുകളില്‍ അതിവേഗ ചാര്‍ജിങിന് സഹായിക്കുന്ന എല്‍എഫ്പി ബാറ്ററികളിലാണ് ഇപ്പോള്‍ ചൈനീസ് ഇല്ക്ട്രിക് വെഹിക്കിള്‍ മേഖലയില്‍ മത്സരം നടക്കുന്നത്. നിക്കല്‍ മാംഗനീസ് കൊബാള്‍ട്ട് ബാറ്ററികളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ എഫ് പി ബാറ്ററികളില്‍ എനര്‍ജി ഡെന്‍സിറ്റി കുറവാണ്.
ഈ പ്രശ്നം പരിഹരിക്കാനായി സീക്കര്‍ എന്‍ജിനീയര്‍മാര്‍ ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റിയുള്ള പ്രത്യേകം ബാറ്ററി പാക്ക് എല്‍ എഫ് പി ബാറ്ററിക്കുവേണ്ടി രൂപകല്‍പന ചെയ്തു. എനര്‍ജി ഡെന്‍സിറ്റിയിലുണ്ടായ വര്‍ധനവ് സുരക്ഷയെ ബാധിക്കില്ലെന്ന ഉറപ്പും സീക്കര്‍ നല്‍കുന്നു.
ഓരോ ബാറ്ററികളും ചൈനയിലെ നാഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ക്വാളിറ്റി ഇന്‍സ്പെക്ഷന്‍ ആന്റ് ടെസ്റ്റിങ് സെന്ററിനു കീഴില്‍ ആറു ഘട്ടങ്ങളുള്ള കര്‍ശനമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് പുറത്തിറങ്ങുന്നത്.