ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ ഏറെ കമ്പമുള്ള ബ്രാൻഡാണ് ഹയബൂസ. ഇപ്പോഴിതാ മൂന്നാം തലമുറ ഹയബൂസ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി മോട്ടോർസ്.
രണ്ടാം തലമുറ ഹയബൂസയ്ക്ക് 13.70 ലക്ഷം രൂപയാണെങ്കിൽ മൂന്നാം തലമുറയ്ക്ക് 16.40 ലക്ഷം രൂപയാണ് വില. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് ബുക്കിങ്.
ഒരു ലക്ഷം രൂപ കൊടുത്ത് വാഹനം ബുക്കിങ് ചെയ്യാം. യൂറോ അഞ്ച് (അതായത് ബി എസ് ആറ്) നിലവാരമുള്ള 1,340 സി സി, ഇൻലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. 190 ബി എച്ച് പിയോളം കരുത്തും 150 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
ആറു സ്പീഡ് ട്രാൻസ്മിഷനോടെ എത്തുന്ന ബൈക്കിന് മണിക്കൂറിൽ 290 കിലോമീറ്ററാണു സുസുക്കി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഇന്ധനക്ഷമത ലീറ്ററിന് 18.5 കിലോമീറ്ററും.
ഗ്ലാസ് സ്പാർക്ൾ ബ്ലൂ കാൻഡി ബേൺഡ് ഗോൾഡ്, മെറ്റാലിക് മാറ്റ് സ്വോർഡ് സിൽവർ കാൻഡി ഡെയറിങ് റെഡ്, പേൾ ബ്രില്യന്റ് വൈറ്റ് മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.
ആഗോളതലത്തിൽ തന്നെ സ്പോർട് ബൈക്ക് ആരാധകരുടെ ഇഷ്ടമോഡലാണ് ‘ഹയബൂസ’യെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊയ്ചിരൊ ഹിരാവൊ അഭിപ്രായപ്പെട്ടു.