ന്യൂഡല്‍ഹി: ഡിസ്‌കവറി സ്പോര്‍ടുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 44.68 ലക്ഷം രൂപ വിലയിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് വിപണിയില്‍ എത്തിയിരിക്കുന്നത്. ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്ക് പുറമെ റീട്യൂ ചെയ്ത എഞ്ചിനും ഇത്തവണ ഡിസ്‌കവറി സ്പോര്‍ടിന്റെ പ്രധാനാകര്‍ഷണമാണ്. പ്യുവര്‍, എസ് ഇ, എച്ച്എസ്ഇ വകഭേദങ്ങളിലാണ് ഡിസ്‌കവറി സ്പോര്‍ട് വില്‍പ്പനയ്ക്കു എത്തുന്നത്.
ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ഡയനാമിക് ഡിസൈന്‍ പാക്ക് ഡിസ്‌കവറി സ്പോര്‍ട് എച്ച്എസ്ഇയുടെ പ്രധാന സവിശേഷതയില്‍ ഉള്‍പ്പെടും. ഡയനാമിക് ഡിസൈന്‍ പാക്കേജിന്റെ ഭാഗമായി പ്രത്യേക ബോഡി സ്റ്റൈലിംഗ് കിറ്റും ക്രോം ആവരണമുള്ള ടെയില്‍പൈപ്പും എസ്യുവിക്ക് ലഭിക്കുന്നു.
മൂന്നു വകഭേദങ്ങളിലും 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടരുന്നുണ്ടെങ്കിലും കരുത്തുത്പാദനത്തിന്റെ കാര്യത്തില്‍ ഡീസല്‍ പതിപ്പ് ഇക്കുറി ഏറെ മെച്ചപ്പെട്ടു. 177 ബിഎച്ച്പി കരുത്ത് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. എസ്ഇ, എച്ച്എസ്ഇ വകഭേദങ്ങളില്‍ കൂടുതല്‍ കരുത്തുള്ള റീട്യൂ ചെയ്ത എന്‍ജിനാണ്. എന്നാല്‍ പ്യൂവര്‍ വകേഭേദത്തില്‍ 147 ബിഎച്ച്പി എന്‍ജിന്‍ പതിപ്പ് തന്നെ തുടരും.
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ടിലുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 237 ബിഎച്ച്പി കരുത്ത് പരമാവധിയുണ്ട്. എസ്ഇ, എച്ച്എസ്ഇ വകഭേദങ്ങളില്‍ മാത്രമെ പെട്രോള്‍ പതിപ്പ് ലഭിക്കുകയുള്ളൂ. ഒമ്പതു സ്പീഡ് ഒട്ടോമാറ്റിക് ഗിയര്‍ബോക്സാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇടംപിടിക്കുന്നത്.