തിരുവനന്തപുരം : 15വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ മലിനീകരണം പരിഗണിച്ച് നിരോധിച്ചു.
ജൂൺ മുതൽ പ്രാബല്യത്തിൽവരും. വാഹനങ്ങൾ കൈവശമുള്ളവർ ഡീസൽ എൻജിൻ ഉപേക്ഷിക്കണം. സി.എൻ.ജി., എൽ.എൻ.ജി., അല്ലെങ്കിൽ വൈദ്യുതിയിലേക്ക് മാറാം.
2021 ജനുവരി മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നൽകിയിരുന്നു.
2006-ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി സ്വീകരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, സംസ്ഥാനത്ത് മുഴുവനും നിരോധനം വന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.
സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിർമാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
2000-നു മുമ്പ് പെട്രോൾ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസൽ ഓട്ടോറിക്ഷകൾ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനവും ഈ നിരോധനത്തിന്റെ ലക്ഷ്യമാണ്.