ന്യൂഡല്‍ഹി: നടപ്പുവര്‍ഷം ഇന്ത്യയില്‍ മൊത്തം പത്ത് ലക്ഷം ഇലക്ട്രിക് ടൂ വീലറുകള്‍ വില്പന നടത്താനൊരുങ്ങി വാഹന കമ്പനികള്‍. ഉപയോഗത്തിലെ മികച്ച വര്‍ദ്ധനയും ഉത്പാദനത്തിലെ കുതിപ്പും പുതിയ മോഡലുകളുടെ വരവും സൃഷ്ടിക്കുന്ന ആവേശം ഈ വര്‍ഷവും തുടുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.
സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും കാര്‍ഷിക രംഗത്തെ വരുമാനത്തിലുണ്ടായ വര്‍ദ്ധനയും രാജ്യത്തെ ടു വീലര്‍ വിപണിയില്‍ വന്‍ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. ബാറ്ററി സാങ്കേതികവിദ്യയില്‍ ദൃശ്യമാകുന്ന വിപ്‌ളവകരമായ മാറ്റങ്ങളും നവീനമായ ഫീച്ചറുകളും ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിപ്പിക്കുന്നു. സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ വര്‍ഷം വില്പനയെ കാര്യമായി ബാധിച്ചിരുന്നില്ല. ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇ വാഹനങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിപ്പിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമായി വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനത്തിന് ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്നും ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കി. വൈദ്യുതി വാഹന നിര്‍മ്മാണ രംഗത്ത് മുന്‍പൊരിക്കലുമില്ലാത്ത തരത്തിലാണ് പുതിയ നിക്ഷേപം ഒഴുകിയെത്തുന്നത്.ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെ സാദ്ധ്യതകള്‍ മുതലെടുക്കാന്‍ വിദേശ കമ്പനികളും ആഭ്യന്തര സ്റ്റാര്‍ട്ടപ്പുകളും വന്‍ തോതില്‍ നിക്ഷേപം നടത്തുകയാണ്.