കുറഞ്ഞ വിലക്ക് രാജ്യാന്തര നിലവാരത്തിലൊരു റോയല്‍ എന്‍ഫീല്‍ഡ് ക്രൂസര്‍...

റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ തന്നെയോ എന്നു അതിശയിപ്പിക്കുന്ന ഡിസൈനും ഫീനിഷിങ്ങും ഉഗ്രന്‍ നിര്‍മാണ നിലവാരവുമൊക്കെയായിട്ടാണ് സൂപ്പര്‍ മീറ്റിയോറിന്റെ വരവ്.

author-image
Greeshma Rakesh
New Update
കുറഞ്ഞ വിലക്ക് രാജ്യാന്തര നിലവാരത്തിലൊരു റോയല്‍ എന്‍ഫീല്‍ഡ് ക്രൂസര്‍...

 

ഇന്ത്യന്‍ നിരത്തുകളില്‍ തിളങ്ങനൊരുങ്ങി നമ്മുടെ സ്വന്തം റോയല്‍ എന്‍ഫീല്‍ഡും. സൂപ്പര്‍ മീറ്റിയോര്‍ 650 എന്ന മോഡല്‍ റോയല്‍ എന്‍ഫീല്‍ഡിനെ എത്തിച്ചിരിക്കുകയാണ് കമ്പനി. റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ തന്നെയോ എന്നു അതിശയിപ്പിക്കുന്ന ഡിസൈനും ഫീനിഷിങ്ങും ഉഗ്രന്‍ നിര്‍മാണ നിലവാരവുമൊക്കെയായിട്ടാണ് സൂപ്പര്‍ മീറ്റിയോറിന്റെ വരവ്.

 

കിടു ഡിസൈന്‍സൂപ്പര്‍ മീറ്റിയോരിനെ കണ്ടാല്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഗമ. ഉഗ്രന്‍ ഫിനിഷിങ്. ഘടകങ്ങളുടെ നിലവാരം എടുത്തു തന്നെ പറയണം. മസ്‌കുലര്‍ ലുക്കിനൊപ്പം ക്ലാസിക് ശൈലിയും സമം ചേര്‍ന്നപ്പോള്‍ സൂപ്പര്‍ മീറ്റിയോര്‍ എന്ന അഴകൊത്ത ക്രൂസര്‍ പിറന്നു എന്നു പറയാം.

 

എല്‍ഇഡി ലൈറ്റുകള്‍, യുഎസ്ഡി ഫോര്‍ക്ക്, ഡിജിറ്റല്‍ മീറ്റര്‍. ട്രിപ്പര്‍ നാവിഗേഷന്‍, അലോയ് വീല്‍ എന്നിവ മോഡേണ്‍ ഫീച്ചറുകളില്‍ പെടുന്നു. വീതിയേറിയ ഹാന്‍ഡിലും കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള വലിയ ടാങ്കും പിന്നിലേക്കു ചാഞ്ഞിറങ്ങുന്ന കരുത്തന്‍ ലുക്കുളള റിയര്‍ ഫെന്‍ഡറും ഇരട്ടക്കുഴല്‍ സൈലന്‍സറും ക്രോം ഫിനിഷിങ്ങുകളും എല്ലാം ക്ലാസിക് തനിമ പകരുന്നു. എന്‍ഫീല്‍ഡ് മോഡലുകളിലെ െഎഡന്റിറ്റികളിലൊന്നായ ഗോള്‍ഡന്‍ ലൈന്‍ ടാങ്കിലും ഫെന്‍ഡറിലും നല്‍കിയിട്ടുണ്ട്. ട്രിപ്പര്‍ നാവിഗേഷന്‍ സ്റ്റാന്‍ഡേര്‍ഡാണ്.

 

നിര്‍മാണ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും നല്‍കാതെയാണ് സൂപ്പര്‍ മീറ്റിയോറിനെ നിര്‍മിച്ചിരിക്കുന്നത്. ഉഗ്രന്‍ പെയിന്റ് ക്വാളിറ്റി. സ്വിച്ച് ഗിയറിലെ ബ്രഷ്ഡ് അലുമിനിയം ഫിനിഷ്, ഫ്യൂവല്‍ ടാങ്ക് ലിഡ്, അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച് ബ്രേക്ക് ലിവറുകള്‍, മിററുകള്‍, ഫെന്‍ഡര്‍ ക്ലാംപുകള്‍ എന്നിവ നോക്കിയാല്‍ മാത്രം മതി ക്വാളിറ്റി മനസ്സിലാകാന്‍.

ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല്‍ ജിടിയിലുമുള്ള 648 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് സൂപ്പര്‍ മീറ്റിയോറിനെയും ചലിപ്പിക്കുന്നത്. പവര്‍ ടോര്‍ക്ക് ഫിഗറുകളില്‍ മാറ്റമില്ല. 46.3 ബിഎച്ച്പിയാണ് കൂടിയ പവര്‍. ടോര്‍ക്ക് 52.3 എന്‍എം. പുതിയ എയര്‍ ഇന്‍ടേക്കും എക്സോസ്റ്റ് പൈപ്പുമാണ്.

ഇസിയു റീ മാപ് ചെയ്തത് പവര്‍ -ടോര്‍ക്ക് ഡെലിവറിയില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. സൂപ്പര്‍ റിഫൈന്‍ഡാണ് എന്‍ജിന്‍. െഎഡിലിങ്ങിലും ഹൈ റെവ്വിങ്ങിലും വൈബ്രേഷന്‍ ഒട്ടുമില്ല. ലീനിയറായ പവര്‍ ഡെലിവറിയാണ്. ടോപ്ഗിയറില്‍ 45-50 കിമീ വേഗത്തില്‍ കൂളായി നീങ്ങും. അതേ ഗിയറില്‍ ത്രോട്ടില്‍ കൊടുത്താല്‍ അനായാസം മൂന്നക്ക വേഗത്തിലേക്കു കയറുകയും ചെയ്യുന്നുണ്ട്.

 

ആസ്ട്രല്‍, ഇന്റര്‍സ്റ്റെല്ലര്‍, ഗ്രാന്‍ഡ് ടൂറര്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളുണ്ട്. ആസ്ട്രലും ഇന്റര്‍സ്റ്റെല്ലറും സോളോ ടൂററാണ്. സ്പ്ലിറ്റ് സീറ്റാണ് ഇരുവര്‍ക്കും. ഗ്രാന്‍ഡ് ടൂററില്‍ വലിയ വിന്‍ഡ് ഷീല്‍ഡും നീളമേറിയ ടൂറിങ് സീറ്റും പില്യണ്‍ റൈഡര്‍ക്ക് ബാക്ക് റെസ്റ്റും ഉണ്ട്.

 

241 കിഗ്രാം ഭാരവും അതിനൊത്ത വലുപ്പവുമുണ്ടെങ്കിലും സൂപ്പര്‍ മീറ്റിയോറിനെ സിറ്റിയിലൂടെ അനായാസം കൊണ്ടുനടക്കാം. നിര്‍ത്തി തിരിക്കാന്‍, യു ടേണ്‍ എടുക്കാന്‍ കൂടുതല്‍ സ്ഥലം വേണമെന്നുമാത്രം. പുതിയ ഫ്രെയിമും സസ്‌പെന്‍ഷന്‍ സെറ്റപ്പുമാണ് സൂപ്പര്‍ മീറ്റിയോര്‍ 650നു നല്‍കിയിരിക്കുന്നത്. ഷോവയുടെ യുഎസ്ഡി ഫോര്‍ക്കാണു മുന്നില്‍. ആദ്യമായാണ് റോയല്‍എന്‍ഫീല്‍ഡ് ബൈക്കില്‍ യുഎസ്ഡി ഫോര്‍ക്ക് വരുന്നത്. 120 എംഎം ട്രാവലുണ്ടിതിന്. പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളാണ്. പിന്‍ഷോക്കുകള്‍ 110 ട്രാവലുണ്ട്.

 

ന്ന സീറ്റിങ് പ്രൊഫൈലാണ്. ഏതുയരക്കാര്‍ക്കും കംഫര്‍ട്ടബിളാകുന്ന ഉയരവും പൊസിഷനും. 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സേ ഉള്ളൂ. പക്ഷേ വലിയ ഹംപുകളിലും മറ്റും അടിയിടിക്കുമെന്നു പേടിക്കണ്ട. മോശം വഴിയിലൂടെ പോയിട്ടും ക്ലിയറന്‍സ് കുറവ് വലിയ പ്രശ്‌നമായി തോന്നിയില്ല. വീതിയേറിയ നടുവിനു സപ്പോര്‍ട്ടുള്ള റൈഡര്‍ സീറ്റാണ്. കാല്‍ നീട്ടി സുഖമായി ഇരിക്കാം. മുന്നോട്ടു കയറിയ ഫുട്‌പെഗ്ഗുകളാണ്. അതുകൊണ്ടുതന്നെ എന്‍ജിന്‍ ചൂട് കാലില്‍ അടിക്കുകയില്ല.

 

വീതിയേറിയ ഹാന്‍ഡില്‍ ബാര്‍ ഹൈവേ ക്രൂസിങ്ങിനു പറ്റിയത്. നാലു മണിക്കൂര്‍ ഒറ്റയിരുപ്പിരുന്നിട്ടും ഒട്ടും മടുപ്പറിയിച്ചില്ല സൂപ്പര്‍ മീറ്റിയോര്‍. അത്ര മികച്ച റൈഡിങ് പൊസിഷനാണ്. ട്യൂബുലാര്‍ ഫ്രെയിമും സ്വിങ് ആമും സെന്റര്‍ ഒഫ് ഗ്രാവിറ്റി കുറയ്ക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഫലം മികച്ച സ്റ്റെബിലിറ്റിയും ഹാന്‍ഡ്‌ലിങ്ങും.

നേര്‍രേഖയിലും വളവുകളിലും മികച്ച നിയന്ത്രണം എടുത്തു പറയാം. വലിയ വളവുകള്‍ ആസ്വദിച്ച് വീശിയെടുത്തു പോകാം. സ്റ്റാന്‍ഡില്‍നിന്ന് എടുക്കുമ്പോള്‍ ഭാരം തോന്നുമെങ്കിലും നീങ്ങിത്തുടങ്ങിയാല്‍ അതറിയില്ല. ചെറുവേഗത്തിലും വെട്ടിച്ചെടുത്തു പോകാം. വലുപ്പവും ഭാരവും കണ്ടു പേടിക്കണ്ട എന്നു സാരം.

 

റൈഡ് കംഫര്‍ട്ടിന്റെ കാര്യത്തിലും ഹാന്‍ഡ്ലിങ്ങിന്റെ കാര്യത്തിലും പുതിയ യുഎസ്ഡി ഫോര്‍ക്കും പിന്നിലെ സ്പ്രിങ് ലോഡഡ് സസ്‌പെന്‍ഷനും മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്. പിന്നിലെ സസ്‌പെന്‍ഷന്‍ അല്‍പം ഹാര്‍ഡ് സെറ്റപ്പാണ്. 19 ഇഞ്ച് ടയറാണു മുന്നില്‍. പിന്നില്‍ 16 ഇഞ്ചും. വീതിയേറിയ ടയറാണ് പിന്നിലേത്. ഉഗ്രന്‍ ഗ്രിപ് 320 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കാണു മുന്നില്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ 300 എംഎമ്മും. ബ്രേക്കിങ് പെര്‍ഫോമന്‍സില്‍ യാതൊരു നെഗറ്റീവും പറയാനിടയാക്കാത്ത പെര്‍ഫോമന്‍സാണ് ബ്രേക്കുകള്‍ കാഴ്ചവക്കുന്നത്. ഡ്യൂവല്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്. ഹൈവേയില്‍ മൂന്നക്ക വേഗത്തില്‍ ആത്മവിശ്വാസത്തോടെ കുതിക്കാം. ചവിട്ടിയാല്‍ ഉദ്ദേശിച്ചിടത്തു നില്‍ക്കും സൂപ്പര്‍ മീറ്റിയോര്‍.

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും മനോഹരമെന്നു പറയാവുന്ന മോഡല്‍. ഉയര്‍ന്ന നിര്‍മാണ നിലവാരവും ഉഗ്രന്‍ റൈഡ് ക്വാളിറ്റിയും പെര്‍ഫോമന്‍സും സവിശേഷതകള്‍. ഹാര്‍ലിയുടെയും ട്രയംഫിന്റെയുമൊക്കെ മോഡലുകള്‍ കണ്ട് കൊതിച്ചവര്‍ക്ക് അതേ ഗമയില്‍ കൊണ്ടുനടക്കാവുന്ന കുറഞ്ഞ വിലയില്‍ ലഭ്യമായ കിടിലന്‍ ക്രൂസര്‍.

fasttrack auto news Royal Enfield Meteor 650