ഏത് കാര്യത്തിനും ശ്രീകൃഷ്ണാനുഗ്രഹത്താൽ പരിഹാരം ലഭിക്കുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണ ഭഗവാനെ ഭക്തിയോടെയും ശുദ്ധിയോടെയും ഭജിച്ചാൽ തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടബാദ്ധ്യത തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. ഈ ദിവസത്തെ വ്രതാനുഷ്ഠാനം അഭീഷ്ടസിദ്ധിക്കും ശ്രീ കൃഷ്ണ മന്ത്രജപാരംഭത്തിനും ഉത്തമമാണ്.
'പാപമുക്തിയും മന:ശ്ശാന്തിയും നേടാൻ സഹായിക്കുന്ന
ദ്വാദശാക്ഷരമന്ത്രം, ഓം നമോ ഭഗവതേ വാസുദേവായ'
ദാമ്പത്യസൗഖ്യത്തിനും ദാമ്പത്യഭദ്രതയ്ക്കും പ്രേമസാഫല്യത്തിനും വേണ്ടിയുള്ള സുശ്യാമ മന്ത്രം, സമ്പദ് സമൃദ്ധിക്കും ഭൂമി ലാഭത്തിനും ശ്രേഷ്ഠമായ ശ്രീകൃഷ്ണ അഷ്ടോത്തരം, ശത്രുത, കലഹം, അപവാദം,രോഗം, വ്യവഹാരം, മന:ക്ലേശം എന്നിവ നശിപ്പിക്കുന്ന ശ്രീകൃഷ്ണാഷ്ടകം തുടങ്ങിയ ജപിച്ചു തുടങ്ങേണ്ടതിന് അഷ്ടമി രോഹിണി ദിവസം ഉത്തമമാണ്. മാത്രമല്ല ഈ ദിവസം ഏത് ശ്രീകൃഷ്ണ മന്ത്രം ജപിച്ചു തുടങ്ങിയാലും ഫലം അതിവേഗംകിട്ടുമെന്നാണ് വിശ്വാസം.
ദുഷ്ടജന്മങ്ങളെ ഉന്മൂലനം ചെയ്ത് ഉത്തമ വ്യക്തികളെ സംരക്ഷിക്കാനും ഓരോരുത്തർക്കും ആത്മബലം നേടാനുമാണ് ശ്രീകൃഷ്ണ അവതാരം സംഭവിച്ച ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രവും കറുത്തപക്ഷ അഷ്ടമി തിഥിയും ഒന്നിക്കുന്ന അഷ്ടമിരോഹിണി ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളുമായി നാടെങ്ങും കൊണ്ടാടുന്നത്.