പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ പൊങ്കാല. വൃശ്ചിക മാസത്തിലെ കാർത്തിക നാളിലെ പൊങ്കാലയ്ക്കായി പതിനായിരക്കണക്കിനു ഭക്തരാണു ചക്കുളത്തുകാവിലേക്ക് എത്തുന്നത്.
പുലർച്ചെ നാലിന് നിർമ്മാല്യദർശനത്തിനു ശേഷം ഗണപതിഹോമത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. പ്രത്യേക പൂജകൾക്ക് ശേഷം 41 ജീവതകളിലേക്ക് ദേവീ ചൈതന്യത്തെ ആവാഹിക്കും. ഈ സമയം തന്നെ കൊടിമരച്ചുവട്ടിൽ സ്ഥാപിച്ചിട്ടുള്ള നിലവറ ദീപത്തിനു മുന്നിൽ പണ്ടാരപ്പൊങ്കാല അടുപ്പ് തയാറാക്കും. ഇവിടെ നടക്കുന്ന പ്രത്യേക പൂജകൾക്കു ശേഷം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ സാംസ്കാരിക സംഗമം നടക്കും.
8:30 ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിൽ നിന്നും മൂല ബിംബം എഴുന്നള്ളിച്ച് പണ്ടാര പൊങ്കാലയടുപ്പിനു സമീപം എത്തിക്കും. ഒൻപതിനു നടക്കുന്ന വിളിച്ചു ചൊല്ലി പ്രാർത്ഥന തീരുന്നതോടെ പൊങ്കാധയടുപ്പിൽ അഗ്നി പകരും. തുടർന്ന് വാർപ്പിലേക്കു അരി പകരും.
അഞ്ഞൂറിലധികം കാർമികർ ജീവത എഴുന്നള്ളിച്ച് നിർദിഷ്ട കേന്ദ്രങ്ങളിലേക്ക് പോയി പൊങ്കാല തളിക്കും. 12:30 ന് ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടത്തും.