വാസ്തു ശാസ്ത്രം അനുസരിച്ച് ഒരു വീട്ടിലെ പ്രധാന ശയനമുറി തെക്കുപടിഞ്ഞാറേ മൂലയിലാകുന്നതാണ് ഉത്തമം. ഗൃഹനാഥനും ഗൃഹനാഥയും ഈ മുറിയില്‍ ഉറങ്ങുന്നതാണ് നല്ലത്. മാത്രമല്ല ശയനമുറിക്ക് പ്രഥമസ്ഥാനം കന്നിമൂലയാണെന്നും വാസ്തു ശാസ്ത്രം പറയുന്നു.
വീട്ടില്‍ വടക്ക് കിഴക്ക്, ഈശാന കോണില്‍ കിടപ്പുമുറിയുണ്ടെങ്കില്‍ അത് വൃദ്ധജനങ്ങള്‍ക്ക് മാത്രം ഉള്ളതാണ്. അവര്‍ അത് ഉപയോഗിക്കുകയും അവിടെ ഉറങ്ങുകയും ചെയ്യുന്നതാണ് നല്ലത്. ഇനി വടക്ക് പടിഞ്ഞാറ് ഭാഗത്ത്, വായു കോണിലെ കിടപ്പുമുറി അവിവാഹതര്‍ക്ക് പ്രത്യേകിച്ച് വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാം. അതേസമയം കിഴക്ക് തെക്ക് ഭാഗത്ത് ഒരിക്കലും മാസ്റ്റര്‍ബെഡ് റൂം വരുത്.
അതെസമയം ശയനമുറിയില്‍ എങ്ങോട്ട് തലവച്ച് ഉറങ്ങണം എന്നത് പലരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ്. വാസ്തു ശാസ്ത്രത്തില്‍ ഒരു കാരണവശാലും വടക്ക് ദിക്കിലേക്ക് തല വച്ചു കിടക്കരുത് എന്ന് പറയുന്നുണ്ട്. ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഈ നിര്‍ദ്ദേശത്തിന്റെ ശാസ്ത്രീയമായ അടിത്തറ ബോധ്യപ്പെടും. ഭൂമി തന്നെ ഒരു കൂറ്റന്‍ കാന്തമാണെന്ന് എപ്പോഴും ഓര്‍ക്കുക. ഒരു ദിക്സൂചകം എപ്പോഴും തെക്കു വടക്കായി നില്‍ക്കുന്നത് ഇതിന്റെ പ്രധാന തെളിവാണ്.
കാന്തിക ബലരേഖകള്‍ ഉത്തരധ്രുവത്തില്‍ നിന്ന് പുറപ്പെട്ട് ദക്ഷിണധ്രുവത്തില്‍ അവസാനിക്കുന്നു. ഈ കാന്തിക ക്ഷേത്രത്തില്‍ ദിശക്ക് വിപരീതമായി നാം വടക്കോട്ട് തലവച്ചു കിടക്കുമ്പോള്‍ ശരീരത്തിന്റെ കാന്തിക ബലക്ഷേത്രവും ഭൗമകാന്തിക ബലക്ഷേത്രവും തമ്മില്‍ വികര്‍ഷണമുണ്ടാകും.
വിപരീത ധ്രുവങ്ങള്‍ തമ്മിലാണ് ആകര്‍ഷണമുണ്ടാവുക. നാം തെക്കുവശത്തേക്ക് തല വച്ചു കിടക്കുമ്പോള്‍ ഭൗമകാന്തികബലക്ഷേത്രവും ശരീര കാന്തികബലക്ഷേത്രവും തമ്മില്‍ ആകര്‍ഷണമാണ് ഉണ്ടാവുക. ഇതുമൂലം ശരീരത്തിന്റെ സ്വാഭാവിക കാന്തികതക്ക് ശൈഥില്യം സംഭവിക്കില്ല.
അങ്ങനെ വടക്കോട്ട് തലവച്ചു കിടക്കുമ്പോള്‍ നമ്മുടെ മാനസിക ശാരീരിക ഘടനകള്‍ക്ക് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നു. കാന്തമാപിനികള്‍ ഇല്ലാതിരുന്ന കാലത്തു തന്നെ ഇത് ഋഷീശ്വരന്മാര്‍ മനസ്സിലാക്കിയിരുന്നു. അതിനാലാണ് വടക്കു ദിക്കിലേക്ക് തലവച്ച് ഉറങ്ങുന്നത് വിലക്കിയത്. തെക്കും കിഴക്കും തലവച്ചു കിടക്കുന്നത് ഉത്തമമാണ്.
അതായത് തെക്ക് തലയും വടക്ക് കാലുകളും കിഴക്ക് തലയും പടിഞ്ഞാറ് കാലുകളും വരുന്ന രീതിയില്‍ കിടന്ന് ഉറങ്ങുക. ഇതില്‍ തന്നെ മദ്ധ്യവയസ് കഴിഞ്ഞവര്‍ തെക്കും കുട്ടികള്‍ കിഴക്കും തലവച്ച് കിടക്കണം. ഇതാണ് ആരോഗ്യത്തിന് ഗുണകരം. എന്നാല്‍ പടിഞ്ഞാറ് ദിക്ക് അധമവും വടക്ക് ദിക്ക് തല വച്ചുറങ്ങാന്‍ ഏറ്റവും അധമവും ആകുന്നു.